ചെന്നൈ: എഐഎംഐഎം ഇനി തമിഴ്‌നാട്ടിലും ശക്തി തെളിയിക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കാനാണ് അസദുദ്ദീൻ ഒവൈസിയുടെ നീക്കമെന്നാണ് സൂചന. ചെന്നൈയിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ഒവൈസി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

2021 ഏപ്രിലിലാണ് തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്. 25 സീറ്റുകളിൽ കുറയാതെ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. അതേസമയം സഖ്യത്തെക്കുറിച്ച് കമലിന്റെ പാർട്ടിയിൽ നിന്നും എഐഎംഐഎമ്മിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമൽ, തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഏത് മണ്ഡലത്തിൽ നിന്നാണ് താൻ മത്സരിക്കുന്നതെന്ന് ഉടനെ വ്യക്തമാക്കുമെന്ന് കമൽ അറിയിച്ചിരുന്നു. ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണ് പാർട്ടി മറ്റു വഴികൾ തേടുന്നതെന്ന് എഐഎംഐഎം തമിഴ്‌നാട് അധ്യക്ഷൻ വകീൽ അഹമ്മദ് പറഞ്ഞു.

ബിഹാർ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്വാധീനമുള്ള അഞ്ച് നിർണായക നിയോജകമണ്ഡലങ്ങളിൽ വിജയിച്ചുകൊണ്ട് ഒവൈസി ശക്തമായ സാന്നിധ്യമറിയിച്ചുരുന്നു. 20 സീറ്റുകളിലാണ് ബിഹാറിൽ എ.ഐ.എം.ഐ.എം. മത്സരിച്ചത്. സമാന വിജയം തമിഴ്‌നാട്ടിലും നേടാനാകുമെന്നാണ് ഒവൈസിയുടെ കണക്കുകൂട്ടൽ. 2011ലെ സെൻസസ് പ്രകാരം തമിഴ്‌നാട്ടിലെ ആകെ ജനസംഖ്യയുടെ 5.86 ശതമാനം മുസ്ലീങ്ങളാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ മുസ്ലിം പാർട്ടികളുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടു ദ്രാവിഡ സഖ്യങ്ങളിലായി അവ വിഭജിക്കപ്പെട്ടിരിക്കുകയാണ്. എല്ലാ മുസ്ലിംപാർട്ടികളെയും ഒന്നിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഒവൈസിയുടെ തീരുമാനം. മക്കൾ നീതി മയ്യവുമായും നാം തമിഴർ ഉൾപ്പടെയുള്ള പാർട്ടികളുമായും സഖ്യത്തിലേർപ്പെട്ടേക്കാം. - പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്തെ വെല്ലൂർ, റാണിപത്, തിരുപട്ടുർ, കൃഷ്ണഗിരി, രാമനാഥപുരം, പുതുകോട്ടൈ, ട്രിച്ചി, മധുര തിരുനെൽവേലി തുടങ്ങിയ ജില്ലകളിൽ മുസ്ലിം ജനസംഖ്യ കൂടുതലാണ്. ഏതെല്ലാം സീറ്റികളിൽ മത്സരിക്കണമെന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കുന്നതിന് വേണ്ടി ഒരു സർവേ നടത്താൻ ഒരുങ്ങുകയാണെന്ന് എ.ഐ.എം.ഐ.എം. പ്രസിഡന്റ് വക്കീൽ അഹമ്മദ് പറഞ്ഞിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ദുരൈമുരുഗനുമായി സഖ്യത്തെ കുറിച്ച് സംസാരിച്ച കാര്യവും അഹമ്മദ് സൂചിപ്പിച്ചികുന്നു. എന്നാൽ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ബിഹാർ തെരഞ്ഞെടുപ്പിൽ സാന്നിധ്യമുറപ്പിച്ച എഐഎംഐഎം, ഗ്രേറ്റർ ഹൈദരബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടി രണ്ടാമത്തെ കക്ഷിയായിരുന്നു. വരുന്ന ബംഗാൾ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്.