- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റേറുടെ പുതിയ നിയമ പരിഷ്കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം
കോഴിക്കോട്: ലക്ഷദ്വീപിലെ അമിനി ദ്വീപിൽ ബാത്ത്റൂമിൽ വീണ് പരിക്കേറ്റ വൃദ്ധയെ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം കിട്ടിയില്ലെന്ന് പരാതി. ഇന്ന് വൈകീട്ട് നാല് മണിക്കാണ് വീണ് പരിക്കേറ്റ ബീപാത്തുവിനെ അമിനിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്.
ഇടുപ്പെല്ലിന് പരിക്കേറ്റ ബീപാത്തുവിനെ മികച്ച ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. നാല് മണി മുതൽ ഹെലികോപ്ടറിനായി ശ്രമിക്കുന്നുവെന്നും എന്നാൽ, ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് രാത്രി വൈകിയും റിപ്പോർട്ട് ഒന്നും വന്നിട്ടില്ലെന്നും രോഗിയുടെ സഹായി പറയുന്നു.
മെഡിക്കൽ ഓഫീസർ കാര്യം അഡ്മിനിസ്ട്രേറ്ററെ അറിയിച്ചെങ്കിലും ഇതുവരെയും സംവിധാനമായിട്ടില്ല. ലക്ഷദ്വീപിലെ പുതിയ പരിഷ്കാരത്തെ തുടർന്നാണ് ആംബുലൻസ് സഹായം വൈകുന്നതെന്ന് രോഗിയുടെ സഹായി ആരോപിക്കുന്നു.
മെഡിക്കൽ ഓഫീസർ റിപ്പോർട്ട് മെഡിക്കൽ ഡയറക്ടർക്ക് നൽകിയെങ്കിലും അനുമതി ഇതുവരെയും കിട്ടിയില്ല. നാലംഗ സമിതിയുടെ പരിശോധന പൂർത്തിയാകാത്തതാണ് കാരണമെന്നും സഹായി പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷറുടെ പുതിയ നിയമ പരിഷ്കരണം അനുസരിച്ച് നാലംഗസമിതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ എയർ ആംബുലൻസ് അനുവദിക്കുകയുള്ളു.
ഇതിനെ തുടർന്നാണ് എയർ ആംബുലൻസ് സംവിധാനം വൈകുന്നതെന്നാണ് വിവരം. നേരത്തെ മെഡിക്കൽ ഓഫീസറുടെ ഒപ്പു ലഭിച്ചാൽ ഉടൻ തന്നെ ഹെലിക്കോപ്റ്റർ അനുവദിക്കുകയും രോഗിയെ കൊച്ചിയിലേയോ, കോഴിക്കോടത്തെയോ ആശുപത്രിയിൽ എത്തിക്കാമായിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കരണങ്ങൾക്കെതിരെ പ്രതിഷേധം കത്തുകയാണ്. ലക്ഷദ്വീപിലെ പൂട്ടിയ ഡയറി ഫാമുകളിലെ പശുക്കളെ ലേലത്തിൽ വാങ്ങിക്കാൻ ആരുമെത്തിയില്ല. ലേലത്തിന്റെ കാലാവധി അവസാനിച്ചപ്പോൾ ദ്വീപിൽ നിന്നുള്ള ആരും ലേലത്തിൽ പങ്കെടുക്കാൻ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദ്വീപിലെ ബഹിഷ്കരണ ആഹ്വാനം വിജയിച്ചുവെന്നതാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫാമുകളിൽ വരും ദിവസങ്ങളിലേക്ക് കാലിത്തീറ്റ സ്റ്റോക്കില്ലെന്നാണ് സൂചന.
ലക്ഷദ്വീപിലെ കവരത്തിയിൽ അമൂൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകികൊണ്ടുള്ള ഉത്തരവ് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഉത്തരവ് സംബന്ധിച്ച് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ സെക്ട്രറി, അമൂൽ എറണാകുളം ബ്രാഞ്ച് മാനേജർ എന്നിവർക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കൈമാറിയിട്ടുണ്ട്.
ലക്ഷദ്വീപിലെ വ്യത്യസ്ത ദ്വീപുകളിൽ പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി ഗുജറാത്തിലെ മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അമൂൽ ഔട്ട്ലെറ്റുമായി ഉണ്ടാക്കിയ പ്രൊപ്പോസലിനെകുറിച്ചും ഉത്തരവിൽ സൂചിപ്പിക്കുന്നു. ഇതിനായി കവരത്തിയിലെ എൽഡിസിഎൽ ഓഫീസിന്റെ മുൻവശത്തായി 150 സ്ക്വയർഫീറ്റ് സ്ഥലവും അനുവദിച്ചിട്ടുമുണ്ട്.
ലക്ഷ്യദ്വീപിലെ പാൽ ഉൽപ്പന്നങ്ങളുടെ ഉൽപാദനം നിർത്തി അമൂൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ നടത്തിവരുന്ന അഡ്മിനിസ്ടേഷന്റെ ശ്രമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. അമൂൽ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക്