ടിക്കറ്റ് ഉണ്ടായിട്ടും യാത്രക്കാരനെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തിൽ ആയിരം റിയാലും (1.73 ലക്ഷം രൂപ) കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ കോടതി വിധി. സലാലയിൽ താമസിക്കുന്ന മാവേലിക്കര സ്വദേശി ആർ.എം. ഉണ്ണിത്താന്റെ മകൻ വരുൺ എയർ അറേബ്യക്കെതിരെ നൽകിയ പരാതിയിലാണ് വിധി.

പറഞ്ഞ സമയത്ത് വിമാനത്താവളത്തിൽ വന്നിട്ടും കയറ്റാതെ വിമാനം പോവുകയായിരുന്നു. കഴിഞ്ഞവർഷം ജനുവരി നാലിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചെന്നൈയിൽ പഠിക്കുകയായിരുന്ന വരുൺ പരീക്ഷയെഴുതാനാണ് എയർ അറേബ്യയിൽ ടിക്കറ്റ് എടുത്തത്. വൈകുന്നേരം 5.45ന് സലാലയിൽ നിന്ന് ഷാർജയിലേക്കും 9.45ന് അവിടെനിന്ന് ചെന്നൈയിലേക്കു മായിരുന്നു വിമാനം.

എന്നാൽ, മൂടൽമഞ്ഞിനെ തുടർന്ന് സലാലയിൽനിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. 3.5 മണിക്കൂറോളം വൈകി രാത്രി ഒമ്പത് മണിയോടെയാണ് പുറപ്പെട്ടത്. ചെന്നൈ വിമാനം സലാലയിൽനിന്നുള്ള യാത്രക്കാരെ കയറ്റി മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് എയർ അറേബ്യ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് മകൻ സലാലയിൽനിന്ന് പുറപ്പെട്ടതെന്ന് ഉണ്ണിത്താൻ പറഞ്ഞു.

എന്നാൽ 10.45ന് വിമാനം ഷാർജയിൽ എത്തിയപ്പോൾ ചെന്നൈ വിമാനം പുറപ്പെട്ടിരുന്നു. ബദൽ സംവിധാനത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൈമലർത്തി.പിന്നീട് ഇദ്ദേഹത്തേ മറ്റൊരു കണക്ഷൻ വിമാനത്തിൽ അഹമദാബാദിൽ എത്തിച്ചു. അവിടുത്തേ കൊടും തണുപ്പിൽ രോഗബാധിതനായി. വിമാനത്താവള ത്തിൽ പകരം ടികറ്റെടുക്കാനും ഭക്ഷനത്തിനും പണമില്ലാതെ വലഞ്ഞു.

ദിവസം മുഴുവൻ അഹ്മദാബാദിൽ കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രി 11 മണിക്കുള്ള വിമാനത്തിനാണ് ടിക്കറ്റ് ലഭിച്ചത്. ചെന്നൈയിൽ എത്തിയെങ്കിലും അഹ്മദാബാദിൽ കടുത്ത തണുപ്പ് ഏറ്റതിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്ത ദിവസത്തെ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.തുടർന്ന് എയർ അറേബ്യ അധികൃതരെ സമീപിച്ചെങ്കിലും ഒരു നഷ്ടവും നല്കില്ലെന്ന നിലപാടിലായിരുന്നു. തുടർന്നാണ് കേസ് കൊടുത്തത്.

പ്രാഥമിക കോടതിയാണ് ആയിരം റിയാൽ നഷ്ടപരിഹാരവും കോടതി ചെലവും വിധിച്ചത്. നഷ്ട പരിഹാരത്തുക അപര്യാപ്തമാണെന്നും ഉയർത്തണമെന്നും കാട്ടി വരുൺ മേൽകോടതിയെ
സമീപിച്ചെങ്കിലും കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു.