മുംബൈ: ഇന്ത്യയിൽ കുറഞ്ഞ നിരക്കിന് വിമാനയാത്ര വാഗ്ദാനം ചെയ്ത് എയർ ഏഷ്യ. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കുമാണ് ടിക്കറ്റ് നിരക്കുകൾ. ജനുവരി 16 മുതൽ 22 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് എയർ ഏഷ്യ ഇത്തരത്തിൽ ഓഫർ വച്ചിരിക്കുന്നത്. മെയ് ഒന്നു മുതൽ 2018 ഫെബ്രുവരി ആറു വരെയുള്ള യാത്രകളാണ് ഈ നിരക്കിൽ ബുക്ക് ചെയ്യാൻ സാധിക്കുന്നത്.

ബംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, കൊച്ചി, ന്യൂഡൽഹി. പുന്നൈ, എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് അടിസ്ഥാന നിരക്ക് 99 രൂപയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. മലേഷ്യ, തായ്ലാൻഡ്, എന്നിവടങ്ങളിലേയ്ക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫർ ചെയ്യുന്നു.

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ഇളവുകൾ എയർ ഏഷ്യ നേരത്തെ അവതരിപ്പിച്ചിരുന്നു. ഏഷ്യയിലേയും ഓസ്ട്രേലിയയിലേയും പ്രധാന നഗരങ്ങൾ എട്ടാം വർഷമാണ് എയർ ഏഷ്യ ഏർളി ബേഡ് സെയിൽ അവതരിപ്പിക്കുന്നത്. കൊച്ചി, െബംഗളൂരു, ഗുവാഹത്തി, ഗോവ, പുണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വൺവേ ടിക്കറ്റ് നിരക്ക്. ഇതാണ് 99 രൂപയിലേക്ക് മാറ്റുന്നത്.

രാജ്യത്തെ വ്യോമയാന മേഖലയിൽ കനത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ബജറ്റ് എയർലൈനുകളാണ് പ്രധാനമായും ഈ മത്സരരംഗത്തുള്ളത്. ഇതിന്റെ ഭാഗമായാണ് ഇത്രയും വലിയ ടിക്കറ്റ് ഇളവുമായി വിമാനക്കമ്പനികൾ എത്തുന്നതും.