ന്യുഡൽഹി: മെഗാ സെയിൽസ് ഓഫറുമായി എയർ ഏഷ്യ എത്തുന്നു. ആഭ്യന്തര യാത്രകൾക്ക് 849 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന വമ്പൻ ഓഫറുകളാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ഉള്ള ടിക്കറ്റ് നിരക്കുകളുമാണ് മെഗാ സെയിൽസ് ഓഫറിൽ എയർ ഏഷ്യ പ്രഖ്യാപിച്ചത്.

മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നു വരെയാണ് ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. ഒക്ടോബർ ഒന്നു മുതൽ 2019 മെയ്‌ 28 വരെയാണ് ഈ നിരക്കിൽ യാത്ര ചെയ്യാൻ അവസരം. എയർ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്.

ഈ ഓഫർ പ്രകാരം കൊച്ചി-ബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വർ റൂട്ടിൽ യാത്ര ചെയ്യാം. ഭുവനേശ്വർ -കൊൽക്കത്ത റൂട്ടിൽ യാത്രനിരക്ക് 869 രൂപയാകും.

ഭുവനേശ്വർ ക്വോലാലംപൂർ റൂട്ടിലാണ് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക, ബാലി, ഫുകേത് എന്നിവിടങ്ങളിലേക്ക് 4,330 രൂപയും 3,494 രൂപയുമായിരിക്കും നിരക്ക്. ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്കും 1999 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

ബംഗലൂരു, റാഞ്ചി, ജയ്പൂർ, ഭുവനേശ്വർ, വിശാഖപട്ടണം, നാഗ്പൂർ, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊൽക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സർവീസ്.