ടൊറന്റോ: എയർ കാനഡയുടെ പുതിയ ബാഗ്ഗേജ് പരിഷ്‌ക്കരണ നിയമം നടപ്പാക്കിത്തുടങ്ങി. തുടക്കമെന്ന നിലയിൽ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിലാണ് ഇതു നടപ്പാക്കാൻ ആരംഭിച്ചത്. എന്നാൽ രണ്ടാഴ്ചക്കകം ഈ പരിഷ്‌ക്കരണം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് എയർ കാനഡ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പരിഷ്‌ക്കാരമാനുസരിച്ച് ഒരു ബാക്ക് പായ്ക്ക്, ഒരു ബ്രീഫ് കേസ് അല്ലെങ്കിൽ ലാപ് ടോപ്പ് കമ്പ്യൂട്ടർ ബാഗ്, സ്യൂട്ട് കേസ് പോലെ വീലുകളും ഹാൻഡിലുമുള്ള മറ്റേതെങ്കിലും ബാഗ് എന്നിവ ഒരാൾക്ക് യാത്രാ വേളയിൽ കൂടെക്കരുതാം. ഇവയിൽ ഓരോ ഐറ്റത്തിലും 10 കിലോ ഗ്രാമിൽ കൂടരുതെന്നാണ് വ്യവസ്ഥ.

അതേസമയം കുട്ടിയെ മടിയിലിരുത്തി യാത്ര ചെയ്യുനനവർക്ക് ഇവ കൂടാതെ മറ്റൊരു സ്റ്റാൻഡേർഡ് ഐറ്റം കൂടി കരുതാവുന്നതാണ്. എയർലൈൻ നിജപ്പെടുത്തിയിട്ടുള്ള നിശ്ചിത ഭാരത്തിലും കൂടുതലുള്ള ബാഗുകൾക്ക് മുകളിൽ ചുവന്ന നിറത്തിലുള്ള ടാഗ് കെട്ടും. ആവർത്തിച്ചുള്ള പരിശോധനകളിലൂടെ സമയനഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ ടാഗ് കെട്ടുന്നത്. അധികമായി എത്രത്തോളം ഭാരം ഉണ്ടോ അതനുസരിച്ചായിരിക്കും യാത്രക്കാരന് പിഴ ഈടാക്കുന്നത്.

ജൂൺ എട്ടു മുതൽ രാജ്യവ്യാപകമായി ഈ പരിഷ്‌ക്കാരങ്ങൾ നടപ്പിൽ വരുത്തുമെന്നാണ് എയർ കാനഡ അറിയിച്ചിരിക്കുന്നത്.