മാഡ്രിഡ്: സ്പാനിഷ് എയർലൈനായ എയർ യൂറോപ്പയിലെ പൈലറ്റുമാർ പണിമുടക്കിന് ഒരുങ്ങുന്നു. ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടുവരെയുള്ള നാലു ദിവസങ്ങളിലാണ് പൈലറ്റുമാർ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. പൈലറ്റുമാരുടെ പണിമുടക്ക് മൂലം ഏറ്റവും തിരക്കേറിയ സീസണിൽ പലരുടേയും യാത്ര മുടങ്ങുമെന്ന് ഉറപ്പായി. ഒട്ടേറെ വിമാനങ്ങൾ വൈകുമെന്നും ചില സർവീസുകൾ റദ്ദാക്കപ്പെടുമെന്നും യാത്രക്കാർക്ക് മുന്നറിയിപ്പുണ്ട്.

ഔട്ട്‌സോഴ്‌സിങ് ഉൾപ്പെടെയുള്ള നടപടികൾക്കെതിരേയാണ് പൈലറ്റുമാർ പണിമുടക്ക് നടത്തുന്നതെന്ന് പൈലറ്റുമാരുടെ യൂണിയനായ സെപ്ല വ്യക്തമാക്കി. അതേസമയം സ്പാനിഷ് നിയമപ്രകാരം പൈലറ്റുമാർ പണിമുടക്കിനിടെ മിനിമം സർവീസ് നടത്തിയിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. പുതുതായി ഏർപ്പെടുത്തിയ ലോ കോസ്റ്റ് സർവീസായ എയർ യൂറോപ്പാ എക്സ്‌പ്രസ് സർവീസിനെയും പൈലറ്റുമാർ എതിർക്കുന്നുണ്ട്.

ബജറ്റ് എയർവേസിലേക്കുള്ള പൈലറ്റുമാരെ ഔട്ട്‌സോഴ്‌സിങ് മുഖേന സർവീസ് നടത്താൻ ഉപയോഗിക്കുന്നുവെന്നും താരതമ്യേന കുറഞ്ഞ ചെലവിൽ പൈലറ്റുമാരെ നിയമിക്കുന്നതിനെതിരേയും ഇവർ ശബ്ദമുയർത്തുന്നുണ്ട്. ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന കരാറുകൾ ഇത്തരം ഔട്ട്‌സോഴ്‌സിങ് പൈലറ്റുമാർക്ക് ബാധകവുമല്ല.