പാരീസ്: എബോള ബാധിത രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസ് ജീവനക്കാർ സംയുക്തമായി രംഗത്ത്. ജീവനുഭീഷണി ഉയർത്തുന്ന എബോള പകർച്ചവ്യാധിയെ ഭയന്നാണ് സർവീസ് നടത്താൻ തയ്യാറല്ലെന്ന് ജീവനക്കാർ ഒന്നടങ്കം വ്യക്തമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഉടൻ തന്നെ നിർത്തണമെന്നാവശ്യപ്പെട്ട് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

ഗിനിയ, ലിയോൺ രാജ്യങ്ങളിലേക്കുള്ള സർവീസ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എയർ ഫ്രാൻസ് സ്റ്റാഫുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ രംഗത്തെത്തിയിരിക്കുന്നത്. എബോള നിയന്ത്രണവിധേയമാകും വരെ സർവീസ് നിർത്തിവയ്ക്കണമെന്ന് കമ്പനിയോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 1200-ഓളം പേരുടെ ജീവൻ കവർന്ന എബോള വൈറസ് തങ്ങളുടെ ജീവനും കവർന്നെടുക്കുമോയെന്ന ഭയമാണ് ഇവർക്ക്. യുദ്ധം, ആഭ്യന്തര കലാപം എന്നിവയുള്ള സ്ഥലങ്ങളിലേക്കു പോകുന്നതു പോലെയല്ല. എബോള അതിൽ നിന്നൊക്കെ വ്യത്യസ്തമാണെന്ന് യൂണിയൻ വ്യക്തമാക്കുന്നു.

എബോള പ്രശ്‌നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏഴുനൂറിലധികം വരുന്ന സ്റ്റാഫുകളാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്. എബോള ബാധിത രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് എയർവേസും എമിറേറ്റ്‌സും സർവീസ് നിർത്തിവച്ചിരിക്കുകയാണിപ്പോൾ. എന്നാൽ ഇവിടങ്ങളിലേക്ക് എയർ ഫ്രാൻസ് സർവീസ് നടത്തിവരികയായിരുന്നു. അതേസമയം വിമാന സർവീസ് നടത്തുന്നതു മൂലം എബോള വൈറസ് പകരാനും പിടിപെടാനുമുള്ള സാധ്യത തീരെ കുറവാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ ഉദ്ധരിച്ചുകൊണ്ട് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് എയർ ഫ്രാൻസ് സർവീസ് നടത്തിവന്നിരുന്നത്.

എബോള പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് തങ്ങൾ സർവീസ് നടത്തിവന്നിരുന്നെന്ന് എയർ ഫ്രാൻസ് വ്യക്തമാക്കുന്നു. എബോള ബാധിതനെന്നു സംശയിക്കുന്ന ഒരാൾ വിമാനത്തിൽ കയറിയാൽ അയാളെ എങ്ങനെ ശുശ്രൂഷിക്കണമെന്നതടക്കമുള്ള മാർഗനിർദേശങ്ങൾ എയർഫ്രാൻസ് സ്റ്റാഫുകൾക്ക് നൽകിയിരുന്നു. വിമാനത്തിൽ കയറുന്ന യാത്രക്കാരുടെയെല്ലാം തന്നെ ശരീരോഷ്മാവ് വരെ ജീവനക്കാർ രേഖപ്പെടുത്തിയ ശേഷം മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. വായുവിൽ കൂടി എബോള പടരുകയില്ല എന്നതു കൊണ്ട് വിമാനത്തിലെ സഹയാത്രികർക്ക് വൈറസ് ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സർവീസ് നടത്താൻ ജീവനക്കാർ തയ്യാറല്ലാത്ത സ്ഥിതിക്ക് എയർ ഫ്രാൻസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.