പാരീസ്: എയർ ഫ്രാൻസ് കാബിൻ ക്രൂ ആഹ്വാനം ചെയ്ത പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തുന്നു. വിമാനങ്ങൾ റദ്ദാക്കുന്നതു മൂലം ദിവസേന 30,000ത്തിലധികം യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ബുധനാഴ്ച തുടങ്ങിയ സമരം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോഴേയ്ക്കും എയർ ഫ്രാൻസ് സർവീസുകൾ ആകെ താറുമാറിയിരിക്കുകയാണ്. ഒരാഴ്ചയോളം പണിമുടക്കിനാണ് എയർ ഫ്രാൻസ് കാബിൻ ക്രൂ ആഹ്വാനം ചെയ്തിട്ടുള്ളത്.

രണ്ടാം ദിവസമായ വ്യാഴാഴ്ച അഞ്ചിൽ ഒരു ഫ്‌ളൈറ്റ് എന്ന തോതിൽ റദ്ദാക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച 80 ശതമാനത്തിലധികം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 15 ശതമാനത്തോളം വിമാനങ്ങൾ സർവീസ് നിർത്തലാക്കിയിരിക്കുകയാണ്. യാത്രയ്ക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനസർവീസിന്റെ അവസ്ഥ പരിശോധിക്കണമെന്ന് കമ്പനി മുന്നറിയിപ്പു നൽകുന്നു. ചില സർവീസുകൾ അവസാന നിമിഷം റദ്ദാക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.

സാധാരണയായി വിമാനസർവീസ് റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് ഇ-മെയിൽ സന്ദേശമോ ടെക്‌സ്റ്റ് മെസേജോ ലഭിക്കാറുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഒരുപക്ഷേ ഇതുലഭ്യമല്ലെന്നും അറിയിക്കുന്നു. അതേസമയം ലോ കോസ്റ്റ് എയർലൈനുകളായ ട്രാൻസാവിയ, കെഎൽഎം, ഡെൽറ്റ കോഡ്‌സ്‌ഷെയർ തുടങ്ങിയവയുടെ സർവീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ആഴ്ചാവസാനം അരങ്ങേറുന്ന പണിമുടക്കിൽ ഹോളിഡേ കഴിഞ്ഞ് മടങ്ങേണ്ടവരാണ് കുടുങ്ങിക്കിടക്കുന്നത്.

തൊഴിൽ വേതന വ്യവസ്ഥകളെ ചൊല്ലിയാണ് എയർ ഫ്രാൻസ് കാബിൻ ക്രൂ പണിമുടക്കിന് ഇറങ്ങിയിരിക്കുന്നത്.