ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കും. 48,887 കോടിരൂപ കടത്തിലായ എയർ ഇന്ത്യയുടെ ഓഹരിവിൽക്കുന്നതിന് കഴിഞ്ഞവർഷം ജൂണിൽ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികൾക്കുമാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കൂവെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഓഹരിവാങ്ങാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

എയർ ഇന്ത്യയെക്കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളും വിൽക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ 100 ശതമാനവും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസിന്റെ 50 ശതമാനവുമാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. എയർ ഇന്ത്യക്കുകീഴിലുള്ള ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസിന്റേത് ചെലവുകുറഞ്ഞ അന്താരാഷ്ട്ര സർവീസാണ്. എയർ ഇന്ത്യ നഷ്ടത്തിലാണെങ്കിലും രണ്ടുവർഷമായി എയർ ഇന്ത്യ എക്സ്പ്രസ് ലാഭത്തിലാണ്.

എയർ ഇന്ത്യയുടെ ആകെ കട ബാധ്യത ഇപ്പോൾ 50000കോടിയാണ്. 5000 കോടി വരുമാനമുള്ള കമ്പനികളെയാണ് വിൽപ്പനയ്ക്കായി കേന്ദ്ര സർക്കാർ പരിഗണിക്കുക. മൂന്ന് കമ്പനികളുടേയും കടമായ 24, 576 കോടിയും ബാധ്യതയായ 8,816 കോടിയും 76 ശതമാനം ഓഹരിവാങ്ങുന്നവരുടേതായി മാറും. എയർ ഇന്ത്യയുടെ 76 ശതമാനവും എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 100 ശതമാനവും ഓഹരി വില്ക്കാനാണ് തീരുമാനം. എയർപോർട്ട് സേവനങ്ങൾക്കായി എയർ ഇന്ത്യ തുടങ്ങിയ ഉപകന്പനിയായ എയിസാറ്റ്‌സിലെ 50 ശതമാനം ഓഹരിയും ഗവൺമെന്റ് വിൽക്കും. മെയ്‌ 14-നകം താത്പര്യപത്രം സമർപ്പിക്കണം.

മാനേജ്മെന്റിന്റെ നിയന്ത്രണവും ഇതോടൊപ്പം കൈമാറും.'എയർ ഇന്ത്യ' എന്ന ബ്രാൻഡ് നിലനിർത്തണമെന്നും നിയന്ത്രണം ഇന്ത്യക്കാർക്കുതന്നെ വേണമെന്നുമുള്ള നിബന്ധനയും മുന്നോട്ട് വച്ചിട്ടുണ്ട്. ബിസിനസ് കൺസൾട്ടിങ് ഏജൻസിയായ ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പി. ഇന്ത്യയെ ഓഹരിവിൽപ്പനയുമായി ബന്ധപ്പെട്ട ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. കമ്പനികളുടെ മാനേജ്മെന്റിനോ ജീവനക്കാർക്കോ, അല്ലെങ്കിൽ കൺസോർഷ്യം രൂപവത്കരിച്ചോ ലേലത്തിൽ പങ്കെടുക്കാം.

വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരംസമിതി ഓഹരിവിൽപ്പനയെ എതിർക്കുന്ന കരടുറിപ്പോർട്ടുണ്ടാക്കിയിരുന്നു. അതു പിന്നീട് പിൻവലിച്ചിരുന്നു. സമിതിയിലെ ബിജെപി.യുടെയും സഖ്യകക്ഷികളുടെയും അംഗബലം ഉപയോഗിച്ചായിരുന്നു പിൻവലിക്കൽ. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സമിതിയിൽനിന്നിറങ്ങിപ്പോയത് ചർച്ചയായിരുന്നു.