മുംബൈ: ടാറ്റയ്ക്ക് കൈമാറും മുൻപ് തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യയിലെ തൊഴിലാളി യൂണിയനുകൾ സംയുക്തമായി കേന്ദ്ര സർക്കാറിന് കത്തെഴുതി. എയർഇന്ത്യ ജീവനക്കാരുടെ ലീവ് എൻകാഷ്‌മെന്റ് സൗകര്യം നൽകുക, പ്രീ കോവിഡ് ശമ്പളം നൽകുക, മുടങ്ങിയ ശമ്പള ബാക്കിയും ആനുകൂല്യങ്ങളും നൽകുക, സ്റ്റാഫ് ക്വർട്ടേസ് പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിൽ ഉള്ളത്.

സിവില് ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാലിനാണ് എയർ ഇന്ത്യ യൂണിയനുകളുടെ ജോയന്റ് ആക്ഷൻ ഫോറം കത്ത് നൽകിയിരിക്കുന്നത്. പ്രിവിലേജ് ലീവ്, സിക്ക് ലീവ് എന്നിവ തിരിച്ച് കൈമാറിയാൽ ലീവ് എൻകാഷ്‌മെന്റ് ലഭിക്കുന്നതിൽ എയർ ഇന്ത്യ കൈമാറ്റത്തിന് മുൻപ് വ്യക്തത വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

അതേ സമയം എയർ ഇന്ത്യ കോളനികളിൽ നിന്നും ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ പറയരുതെന്നും. അവർക്ക് ഒരു നിശ്ചിതകാലത്തേക്ക് അവിടെ താമസിക്കാൻ അവസരം നൽകണമെന്നും കത്തിൽ യൂണിയൻ ആവശ്യപ്പെടുന്നു. എയർ ഇന്ത്യ കോളനികൾ സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ കത്ത് തീർത്തും ബാലിശമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

വിരമിച്ച ജീവനക്കാർക്കുള്ള ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾ സംബന്ധിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് എയർ ഇന്ത്യയിലെ ശമ്പളം കുറച്ചിരുന്നതിനെക്കുറിച്ചാണ് കത്തിലെ മറ്റൊരു പ്രധാന ആവശ്യം. ഇത് പ്രകാരം കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം വിമാന സർവീസുകൾ സാധാരണ നിലയിലായ സ്ഥിതിക്ക് വീണ്ടും തിരിച്ചുകൊണ്ടുവരണം എന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.