- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോക്കി നിൽക്കെ ടിക്കറ്റുകൾ റദ്ദാക്കി വിമാനക്കമ്പനികൾ യാത്രക്കാരെ കുരങ്ങു കളിപ്പിക്കുന്നു; യുകെ മലയാളികളുടെ ക്രിസ്മസ് യാത്രകൾ പ്രതിസന്ധിയിൽ; 'ഹോട് സെയിൽ' കാരണമായി പറയുന്നത് എയർ ബബിൾ; ഏക വിശ്വസനീയ വിമാനക്കമ്പനിയായി എയർ ഇന്ത്യ
ലണ്ടൻ: നോക്കി നിൽക്കെ വിമാനടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ മലയാളികൾ അനുഭവിക്കുന്ന ദുരിതം അതിന്റെ തീവ്രതയിൽ എത്തിയിരിക്കുന്നു. എമിറേറ്റ്‌സ്, എത്തിഹാദ് എന്നിവ തുടക്കമിട്ട ഈ റദ്ദാക്കൽ പരിപാടിയിലേക്ക് ഖത്തർ അടക്കമുള്ള മറ്റു വിമാനകമ്പനികൾ കൂടി ഏറ്റെടുത്തതോടെ ഉല്ലാസത്തോടെ നാട്ടിലേക്കു പോകാൻ എടുത്ത ടിക്കറ്റുകൾ നോക്കി നെടുവീർപ്പിടുന്ന അവസ്ഥയിലാണ് അവധിക്കാല യാത്രക്കൊരുങ്ങിയ യുകെ മലയാളികൾ. ഇതോടെ ഒട്ടേറെയാളുകളുടെ ഇത്തവണത്തെ ഡിസംബർ അവധിക്കാല യാത്ര പ്രതിസന്ധിയിലായി. അഞ്ഞൂറിനും അറുനൂറിനും ഒക്കെയെടുത്ത ടിക്കറ്റുകളാണ് ക്യാൻസൽ ആകുന്നതിൽ അധികവും. ടിക്കറ്റ് ക്യാൻസൽ ആയതറിഞ്ഞു പകരം ടിക്കറ്റ് എടുക്കാൻ ചെല്ലുമ്പോൾ മൂന്നിരട്ടി ചാർജും. ഈ കൊടും ചതിക്കെതിരെ ഒരക്ഷരം പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് യുകെ മലയാളികൾക്ക്. കാരണം ടിക്കറ്റ് ക്യാൻസൽ ചെയ്ത അറിയിപ്പിനൊപ്പം മുഴുവൻ പണവും തിരിച്ചു നൽകാമെന്ന അറിയിപ്പും എത്തുന്നതാണ് ഊരാക്കുടുക്ക് ആയി മാറുന്നത്.
ക്യാൻസൽ ചെയ്ത ടിക്കറ്റുകൾ കമ്പനികൾ നേരിട്ട് മറിച്ചു വിൽക്കുകയാന്നെന്നു വ്യക്തം. കോവിഡ് പ്രോട്ടോകോളിൽ തുടരുന്ന മിനിമം വിമാന സർവീസിൽ എത്ര ഉയർന്ന നിരക്കിൽ ടിക്കറ്റ് വിൽക്കാൻ ഇട്ടാലും സീസൺ എന്നോ ഓഫ് സീസൺ എന്നോയുള്ള വത്യാസം ഇല്ലാതെ ടിക്കറ്റുകൾ വിറ്റുപോകുന്നതാണ് തോന്ന്യാസ സർവീസായി വിമാനക്കമ്പനികൾ മാറാൻ കാരണം. ഇതിനിടയിൽ കമ്പനികളുടെ വിശ്വാസ്യതയോ ബ്രാൻഡിങ്ങോ ഒന്നും ചോദ്യം ചെയ്യപ്പെടുന്ന കാലവുമല്ല എന്ന തിരിച്ചറിവും സ്വന്തമാക്കുകയാണ് വൻകിട വിമാനക്കമ്പനികൾ. ഇതിനെന്തു പരിഹാരം എന്നാലോചിക്കുന്ന മലയാളികൾ ഒരു സർക്കാരും പരിഹാര നടപടിയുമായി മുന്നോട്ടു വരില്ല എന്നും തിരിച്ചറിയുകയാണ്. കൂട്ടമായി ബോയ്കോട്ട് ആഹ്വനം പോലെയുള്ള ജനകീയ കൂട്ടായ്മകൾ രൂപം കൊണ്ടാൽ മാത്രമേ ഈ തോന്ന്യാസം അവസാനിപ്പിക്കാനാകൂ എന്നാണ് യാത്രകൾ ഉപേക്ഷിക്കേണ്ടി വരുന്ന പലരുടെയും അഭിപ്രായം.
നിലവിൽ അയ്യായിരം പൗണ്ടിൽ പോലും നാലംഗ കുടുംബത്തിന് യുകെയിൽ നിന്നും കേരളത്തിൽ എത്തി മടങ്ങാനാകില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏപ്രിൽ മാസത്തെ വിഷു - ഈസ്റ്റർ അവധിക്കാലത്തും നിരക്കിൽ ഇളവില്ലെന്നു വ്യക്തമാക്കിയാണ് വൻകിട കമ്പനികൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
അടുത്ത വേനൽക്കാല അവധിയുടെ ടിക്കറ്റുകൾ വരെ യുകെ മലയാളികൾ ബുക്ക് ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ നാട്ടിൽ പോകാനുള്ള അടങ്ങാത്ത തൃഷ്ണ അടുത്തെങ്ങും യുകെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇല്ലാതാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് വിമാനക്കമ്പനികളെ കൊള്ള നിരക്ക് ഈടാക്കാൻ പ്രേരിപ്പിക്കുന്നത്.
എയർ ഇന്ത്യയുടെ വരവോടെ തങ്ങളുടെ കുത്തക റൂട്ടിൽ നഷ്ടമായ വരുമാനം ഇത്തരത്തിൽ പകൽക്കൊള്ളയിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമവും മധ്യേഷ്യൻ വിമാനക്കമ്പനികൾ നടത്തുന്നതായും സംശയിക്കപ്പെടുകയാണ്.
എയർ ഇന്ത്യയുടെ ജൈത്രയാത്ര
ആർക്കും വേണ്ടാതെ കിടന്ന എയർ ഇന്ത്യയാണ് പതിവ് പോലെ പ്രതിസന്ധി കാലത്തു യുകെ മലയാളികൾക്ക് വിശ്വസിച്ചു പറക്കാൻ സാധിക്കുന്ന ഏക വിമാനക്കമ്പനി. ലണ്ടനിൽ നിന്നും നേരിട്ടുള്ള കൊച്ചി വിമാന സർവീസ് ഒരു മുടക്കവും കൂടാതെ പറക്കുന്നതുകൊണ്ടാണ് ഈ വിശ്വാസം നേടിയെടുക്കാനാകുന്നത്.
മാത്രമല്ല മുൻകൂട്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ കൊള്ളലാഭം ഇല്ലെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഫലമായി ആഴ്ചയിൽ മൂന്നു സർവീസ് നടത്തിയിട്ടും ബിസിസിനസ് ക്ളാസിൽ പോലും മുഴുവൻ യാത്രക്കാരുമായിട്ടാണ് എയർ ഇന്ത്യയുടെ ജൈത്രയാത്ര. മുൻപ് മലയാളി കേന്ദ്ര വ്യോമയാന മന്ത്രി ആയിരുന്നപ്പോൾ ഈ റൂട്ടിൽ പറന്നാൽ ഒരിക്കലും ആവശ്യത്തിന് യാത്രക്കാരെ കിട്ടില്ലെന്ന് പറഞ്ഞത് എയർ ഇന്ത്യയിൽ ഉദ്യോഗസ്ഥരുമായി ഒറ്റയ്ക്ക് യാത്ര ചെയ്തു ലണ്ടനിൽ എത്തിയതാണ് എന്ന് ചുരുക്കം യുകെ മലയാളികൾ എങ്കിലും ഓർമ്മിക്കാതിരിക്കില്ല.
എല്ലാ പാപവും എയർ ബബിൾ സിസ്റ്റത്തിൽ, ഇതവസാനിപ്പിക്കാൻ സമയമായെന്ന് യാത്രക്കാരും
വിമാനക്കമ്പനികൾ തോന്നിയ പോലെ സർവീസ് നടത്തി അതിനെല്ലാം കുറ്റം തലയിൽ വച്ച് കൊടുക്കുന്നത് കോവിഡ് കാലത്തേ പ്രത്യേക സംവിധാനമായ എയർ ബബിൾ സിസ്റ്റത്തിനാണ്. ഇക്കാലത്തു ഇങ്ങനെയേ പറ്റൂ എന്ന് പറയുന്ന വിമാനക്കമ്പനികൾ മറിച്ചൊരു കാലം വരുമോയെന്നു പോലും ചിന്തിക്കുന്നില്ല.
എന്നാൽ എയർ ബബിൾ സിസ്റ്റത്തിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സർവീസ് നടത്തിയ വിമാനകമ്പനിയാകാൻ സാധ്യതയുള്ള എയർ ഇന്ത്യ മറ്റു വമ്പന്മാരെ അപേക്ഷിച്ചു യാത്രക്കാരെ പിഴിയുന്ന സമീപനമല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയംബട. ഇക്കഴിഞ്ഞ പത്താം തിയതി വരെ 20168 വിമാനങ്ങളിലായി 29 ലക്ഷം യാത്രക്കാരെയാണ് എയർ ഇന്ത്യ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചത് .
അമേരിക്കയിലും ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ഒക്കെ സമാനമായ തരത്തിലാണ് എയർ ബബിൾ സിസ്റ്റം പ്രവർത്തിക്കുന്നത്. എയർ ബബിൾ സിസ്റ്റം മൂലം നിരക്കുകൾ കുത്തനെ ഉയർന്നതിനാൽ ഒരു രാജ്യത്തേക്കും കാര്യമായി വിദേശ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിട്ടില്ല. പല വിമാനക്കമ്പനികളും യാത്രക്കാരുടെ കുറവ് മൂലം വലിയ വിമാനങ്ങളെ ഇപ്പോഴും കട്ടപ്പുറത്തു ഇരുത്തിയിരിക്കുകയാണ്.
ഖത്തർ എയർവേയ്സ് വലിയ വിമാനങ്ങളായ എ 380 ഇപ്പോഴും കാര്യമായ തോതിൽ പറക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് ഗൾഫ് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികൾക്കു ഒന്നാകെ ഒന്നര ബില്യൺ ഡോളർ നഷ്ടമാണ് കോവിഡ് കാലം സമ്മാനിച്ചത് എന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ