ലണ്ടൻ:വിദേശത്തുനിന്നും ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലെത്തി മറ്റൊരു കണക്ടിങ് ഫ്ളൈറ്റ് പിടിക്കണമെങ്കിലും യാത്രക്കാർ അവരുടെ ലഗേജുകൾ വീണ്ടും ചെക്ക് ഇൻ ചെയ്യേണ്ടതുണ്ട് എന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം പുറപ്പെട്ട വിദേശ വിമാനത്താവളത്തിൽ നിന്നും ചെക്ക് ഇൻ ചെയ്തതാണെങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിലെ ചെക്ക് ഇൻ ഒഴിവാക്കാൻ കഴിയില്ല. നിയമപരമായ ചില ആവശ്യകതകൾ പൂർത്തീകരിക്കുന്നതിനായിട്ടാണ് ഇത് ചെയ്യുന്നത് എന്നും എയർ ഇന്ത്യ അറിയിച്ചു.

ഈ നയത്തെ കുറിച്ചുള്ള അവബോധം യാത്രക്കാരിലുണ്ടാക്കാൻ ഓൺ ബോർഡ് അനൗൺസ്മെന്റുകളും എയർ ഇന്ത്യ നടത്തുന്നതായിരിക്കും. ഇതനുസരിച്ച്, വിദേശങ്ങളിൽ നിന്നെത്തുന്ന ഇന്ത്യാക്കാർക്ക്, ഇന്റർനാഷണൽ അറൈവൽ പോയിന്റിൽ നിന്നും അവരുടെ ലഗേജ് സ്വീകരിച്ച് വീണ്ടും അടുത്ത ഡൊമെസ്റ്റിക് ടെർമിനലിൽ ചെക്ക് ഇൻ ചെയ്യേണ്ടതായി വരും. ഇതിനായി സഹായം ആവശ്യമുണ്ടെങ്കിൽ, യാത്രക്കാർക്ക് ജീവനക്കാരുമായി ബന്ധപ്പെടാമെന്നും എയർ ഇന്ത്യ അറിയിച്ചു.

അതിനിടെ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് ഹീത്രൂ വിമാനത്താവളാധികൃതരും എമിരേറ്റ്സുമായി ഉണ്ടായ തർക്കം ഒത്തു തീർന്നു. ഇതനുസരിച്ച് ടിക്കറ്റ് വിൽപനയ്ക്ക് എമിരേറ്റ്സ് പരിധി ഏർപ്പെടുത്തും. എന്നാൽ, അവരുടെ റെഗുലർ ഷെഡ്യുളുകൾ ഇനിയും മുടക്കമില്ലാതെ തുടരും. നേരത്തേ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തണമെന്ന വിമാനത്താവളാധികൃതരുടെ ആവശ്യം ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനി നിരാകരിച്ചിരുന്നു. ഇപ്പോൾ ഇരു കൂട്ടരും ഒരു ധാരണയിൽ എത്തിയതായി ഇരു കൂട്ടരും ചേർന്നു നടത്തിയ ഒരു സംയുക്ത പ്രസ്താവനയിൽ പറയുന്നു.

അടുത്ത രണ്ടാഴ്‌ച്ചത്തേക്ക് ആവശ്യകതയും വിമാനത്താവളത്തിന്റെ കപ്പാസിറ്റിയും സന്തുലനം ചെയ്തു പോകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് എമിരേറ്റ്സ് സമ്മതിച്ചു. അതുവഴി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താൻ കഴിയുമെന്നും അവർ അറിയിച്ചു. എമിരേറ്റ്സ് എയർലൈൻസ് പ്രസിഡണ്ട് സർ ടിം ക്ലാർക്കും ഹീത്രൂ ചീഫ് എക്സിക്യുട്ടീവ് ജോൺ ഹോളണ്ട് കേയും ഒരുമിച്ച് പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.അതേസമയം.

എമിരേറ്റ്സിന്റെ നിലവിലുള്ള എല്ലാ സർവ്വീസുകളും നടക്കുമെന്നും, ടിക്കറ്റ് എടുത്തവർക്ക് ഒരു പ്രശ്നവുമില്ലാതെ യാത്ര ചെയ്യാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.