ദോഹ: ഖത്തറിലുള്ള തെക്കൻ കേരളത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യാ എക്സ്പ്രസ്. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദോഹ-കോഴിക്കോട് വിമാനം ഇനിമുതൽ തിരുവനന്തപുരത്തേക്കും സർവീസ് നടത്തും. ദോഹയിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കും സർവീസ് നടത്താനാണ് തീരുമാനം

കോഴിക്കോട് യാത്രക്കാരെ ഇറക്കിയ ശേഷം തിരുവനന്തപുരത്തേക്കു പോകുന്ന വിമാനം തിരുവനന്ത പുരത്തു നിന്നും യാത്രക്കാരുമായി കോഴിക്കോട് വഴിയാണ് ദോഹയിലേക്കു പറക്കുക. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഈ സർവീസ് സഹായകമാകും.ഈ മാസം 15 മുതലാണ് സർവീസ് നിലവിൽ വരിക. ഉച്ച കഴിഞ്ഞ് 2.30ന് ദോഹയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.45നാണ് തിരിവനന്തപുരത്തെത്തുക. 6.45 മണിക്കൂറാണ് യാത്രാ സമയം. രാത്രി 9.10ന് കോഴിക്കോട്ടെത്തുന്ന വിമാനം അവിടെ യാത്രക്കാരെ ഇറക്കുകയും തിരുവനന്തപുരം യാത്രക്കാരെ കയറ്റുകയും ചെയ്താണ് യാത്ര തുടരുക.

തിരുവനന്തപുരത്തു നിന്നും തിരിച്ച് രാവിലെ ഏഴിനാണ് വിമാനം പുറപ്പെടുക. കോഴിക്കോട്ടിറങ്ങി അവിടെ നിന്നും 11.40 ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് ദോഹയിൽ എത്തിച്ചേരും.തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയിൽ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദോഹയെക്കൂടി ബന്ധിപ്പിക്കുന്നത്. തുരുവനന്തപുരത്തിനും കോഴിക്കോടിനുമിടയിൽ സർവീസ് ആരംഭിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു. 55 മിനിറ്റാണ് യാത്രാ സമയം. മലബാറിൽ നിന്നും തലസ്ഥാനത്തേക്കു പോകുന്നവർക്ക് സൗകര്യപ്രദമാകുന്ന രീതിയിലാണ് സർവീസ്. 2300 രൂപയാണ് കോഴിക്കോടിനും തിരുവനന്തുപുരത്തിനുമിടയൽ എക്സ്പ്രസ് ഈടാക്കുന്നത്.