വിമാനയാത്രാ വിലക്ക് നേരിട്ട ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ വിലക്ക് എയറിന്ത്യ നീക്കിയത് രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്നാണെന്ന് വ്യക്തമായി. എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥനെ മർദിച്ചതിന്റെ പേരിലാണ് എംപിക്ക് യാത്രാ വിലക്കേർപ്പെടുത്തിയത്. ഖേദപ്രകടനം നടത്തിയതിനെത്തുടർന്ന് അത് പിൻവലിക്കുകയും ചെയ്തു. എന്നാൽ, താനാരോടും മാപ്പുപറഞ്ഞിട്ടില്ലെന്ന് ഗെയ്ക്ക്‌വാദ് പ്രഖ്യാപിച്ചു.

പാർലമെന്റിലാണ് താൻ ഖേദപ്രകടനം നടത്തിയതെന്നും മറ്റാരോടും മാപ്പുപറഞ്ഞിട്ടില്ലെന്നും എംപി പ്രഖ്യാപിച്ചു. ഇന്നലെ സിവിൽ വ്യോമയാന മന്ത്രി ജയന്ത് സിൻഹ എയറിന്ത്യ സിഇഒ അശ്വനി ലോഹനിയുമായി ഇക്കാര്യത്തിൽ രണ്ടുമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഗെയ്ക്ക്‌വാദ് ഖേദം പ്രകടിപ്പിച്ച് നൽകിയ കത്ത് ലോഹനിക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്നാണ് യാത്രാ വിലക്ക് പിൻവലിക്കാൻ എയറിന്ത്യ തീരുമാനിച്ചത്.

എന്നാൽ, ഖേദപ്രകടനത്തെക്കാൾ ശിവസേന ഉയർത്തിയ രാഷ്ട്രീയ സമ്മർദമാണ് ഫലം കണ്ടതെന്നാണ് സൂചന. വിലക്കിനുശേഷം വ്യാഴാഴ്ചയാണ് ഗെയ്ക്ക്‌വാദ് പാർലമെന്റിലെത്തിയത്. അന്നുതന്നെ ശിവസേന ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുകയും ബഹളതത്തിലേക്ക് കലാശിക്കുകയും ചെയ്തു. ബിജെപി.-ശിവസേന മന്ത്രിമാർ തമ്മിലുള്‌ള വാക്കേറ്റത്തിനും അത് വഴിവെച്ചു. എൻ.ഡി.എ. യോഗം ബഹിഷ്‌കരിക്കുമെന്ന ഭീഷണി പാർലമെന്റിന് പുറത്ത് അവർ നടത്തുകയും ചെയ്തു. ഇതോടെയാണ് സിവിൽ എവിയേഷൻ മന്ത്രാലയം പ്രശ്‌നത്തിലിടപെട്ടത്.

അതിനിടെ, പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും, ഗെയ്ക്കുവാദിൽനിന്ന് തല്ലുകൊണ്ട മലയാളി ഉദ്യോഗസ്ഥൻ സുകുമാറിന് ഭീഷമി അവസാനിച്ചിട്ടില്ല. ഗെയ്ക്കുവാദിനെതിരെ നിയമനടപടി തുടരുമെന്നാണ് ലോഹനി അറിയിച്ചിട്ടുള്ളത്. എന്നാൽ, സേനയുടെ രാഷ്ട്രീയ സമ്മർദത്താൽ, തനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ആശങ്ക സുകുമാറിനുണ്ടെന്നാണ് സൂചന. 60 വയസ്സുള്ള ഉദ്യോഗസ്ഥനാണ് സുകുമാർ. എംപിക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസ്താവനയിൽ ലോഹനി, ആദ്യം ഉദ്യോഗസ്ഥൻ എന്ന നിലപാടാണെടുത്തത്. രണ്ട് കേസുകളാണ് ഗെയ്ക്കുവാദിനെതിരെ എയറിന്ത്യ നൽകിയിട്ടുള്ളത്. രാഷ്ട്രീയ സമ്മർദമുണ്ടെങ്കിലും കേസുകൾ പിൻവലിക്കല്ലിന്നെന്നാണ് ലോഹനി പറയുന്നത്.