ദോഹ; യാത്രക്കാരെ പെരുവഴിയിലാക്കി വീണ്ടും എയർ ഇന്ത്യയുടെ നിരുത്തരവാദിത്വത്തിന് മറ്റൊരു തെളിവ് കൂടി. കരിപ്പൂർ ദമാം എയർ ഇന്ത്യ എക്സ്‌പ്രസ് (ഐഎക്‌സ് 382) ആണ് ഇന്നലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നു ദോഹയിൽ കുടുങ്ങിയത്. ദോഹയിൽ നിന്ന് ഉച്ചയ്ക്കു രണ്ടരയോടെ ദമാമിൽ എത്തിയ ശേഷം വൈകിട്ടു നാലരയോടെ കോഴിക്കോട്ടേക്കു മടങ്ങേണ്ടിയിരുന്ന വിമാനമാണ് ദോഹയിൽ വച്ച് സർവ്വീസ് പൂർത്തിയാക്കാതെ നിലച്ചത്.

ഇതോടെ ദമാമിലേക്കു പോകേണ്ട ഒട്ടേറെ യാത്രക്കാർ ദുരിതത്തിലായി. തകരാർ പരിഹരിച്ച് ഇന്നു രാവിലെ പതിനൊന്നരയോടെ യാത്ര തിരിക്കാനാകുമെന്നാണു വിമാനക്കമ്പനി ജീവനക്കാർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. ഇന്നലെ പകൽ 11.5നു കരിപ്പൂരിൽ നിന്നു പുറപ്പെട്ട വിമാനം ഉച്ചയ്ക്കു രണ്ടു മണിയോടെയാണു ദോഹയിലെത്തിയത്. ദോഹയിൽ ചില യാത്രക്കാർ ഇറങ്ങിയെങ്കിലും കൂടുതൽ യാത്രക്കാരും ദമാമിലേക്കായിരുന്നു. 2.35നു പുറപ്പെടാനാണു ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും യാത്ര തുടരാനായില്ല.

ചില രേഖകൾക്കു വേണ്ടി കാത്തിരിക്കുന്നു എന്നാണു യാത്രക്കാരെ ആദ്യം അറിയിച്ചത്. കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടതോടെ യാത്രക്കാർ പ്രതിഷേധിച്ചു. ഇതോടെ വിമാനത്തിന്റെ തകരാർ കാരണമാണു യാത്ര വൈകുന്നതെന്ന് അറിയിച്ചു.മൂന്നു മണിക്കൂറിലേറെ വിമാനത്തിൽ കാത്തിരുന്നെങ്കിലും തകരാർ പരിഹരിക്കാനായില്ല. പിന്നീട് യാത്രക്കാരെ ട്രാൻസിറ്റ് വീസ നൽകി രാത്രി എട്ടു മണിയോടെ ഹോട്ടലുകളിലേക്കു മാറ്റുകയായിരുന്നു.

ക്രിസ്മസ്, ന്യൂഇയർ അവധി കഴിഞ്ഞെത്തിയ ഒട്ടേറെ കുടുംബങ്ങൾ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനത്തിൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും ഭക്ഷണം ലഭിച്ചില്ലെന്നും പരാതിയുണ്ട്.ു. കരിപ്പൂരിൽനിന്നു ദോഹയിലെത്തി അവിടെ നിന്നു ദമാമിലേക്കും തുടർന്നു തിരികെ കോഴിക്കോട്ടേക്കും പോകുന്നതാണ് ഈ സർവീസ്. കോഴിക്കോട്ടു നിന്നു ദോഹയ്ക്കുള്ള സർവീസ് ഐഎക്‌സ് 381 എന്ന ഫ്‌ളൈറ്റ് നമ്പരിലും തുടർന്നുള്ള യാത്രയ്ക്ക് ഐഎക്‌സ് 382 എന്ന ഫ്‌ളൈറ്റ് നമ്പരുമാണ് ഉപയോഗിക്കുന്നത്. ഇന്നലെ വീസ കാലാവധി തീരുന്ന യാത്രക്കാരും വിമാനത്തിലുണ്ട്.