ഷാർജയിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് രണ്ട് പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുന്നു. ഛണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുക. ഈമാസം 14, 15 തീയതികളിൽ ആരംഭിക്കുന്ന സർവ്വീസ് തിരുച്ചിറപ്പള്ളിയിലേക്ക് പ്രതിദിനവും ഛണ്ഡിഗഢിലേക്ക് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും നടത്തുക. ഛണ്ഡിഗഢിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. ഷാർജ-വാരാണസി റൂട്ടിൽ സർവ്വീസ് വർധിപ്പിക്കുവാൻ ആലോചനയുണ്ട്.

ഉച്ചയ്ക്ക് 12.45ന് ഷാർജയിൽ നിന്നും പുറപ്പെടുന്ന ഐ.എക്സ് 187 വിമാനം വൈകുന്നേരം 5.15നാണ് ഛണ്ഡിഗഢിലെത്തുക. തിരിച്ച് വെകുന്നേരം 6.15ന് പുറപ്പെട്ട് രാത്രി 8 മണിക്ക് ഷാർജയിലെത്തും. ഛണ്ഡിഗഢിൽ നിന്ന് ഷൊർജ-ട്രിച്ചി ഐ.എക്സ് 614 വിമാനം ഷാർജയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് പുലർച്ചെ 2.30ന് ട്രിച്ചിയിൽ എത്തിച്ചേരും. തിരിച്ചുള്ള വിമാനം ഐ.എക്സ് 613 വിമാനം വൈകുന്നേരം 3.30ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.30ന് ഷാർജയിലെത്തുന്നതാണ്.

ഇതോടെ, ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള പ്രതിവാര സർവ്വീസുകളുടെ എണ്ണം 41 ആവും. ചരിത്രത്തിലാദ്യമായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറ്റ ലാഭം നേടിയെന്ന പ്രത്യേകതയും ഉണ്ട്. ഈ വർഷം 31വരെയുള്ള കണക്കനുസരിച്ച് 2015'16 വർഷത്തിൽ കമ്പനിയുടെ അറ്റലാഭം 361.68 കോടി രൂപയാണ്.