മംഗലൂരുവിൽനിന്ന് കുവൈത്തിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ഇന്ധനച്ചോർച്ച മൂലം ബഹ്‌റൈനിൽ നിർത്തിയിടേണ്ടിവന്നത് യാത്രക്കാരെ പ്രയാസത്തിലാക്കി. കുവൈത്തിലേക്കുള്ള യാത്രക്കാർ ബഹ്‌റൈനിൽ കുടുങ്ങിയതിനുപുറമെ കുവൈത്തിൽ നിന്ന് മംഗലൂരുവിലേക്ക് യാത്രചെയ്യാൻ കുവൈത്ത് വിമാനത്താവളത്തിലെത്തിയവരും വിഷമത്തിലായി.

മംഗലാപുരത്തുനിന്ന് കുവൈത്തിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ആണ് ബഹ്‌റൈനിൽ കുടുങ്ങിയത്. മംഗലാപുരത്ത് നിന്ന്  രാവിലെ 7.30ന് പുറപ്പെട്ട ഐ.എക്‌സ് 889 വിമാനമാണ് 9.20ന് ബഹ്‌റൈനിലെത്തിയപ്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയത്. ബഹ്‌റൈനിലേക്കുള്ള യാത്രക്കാരെ ഇറക്കിയശേഷം 10.15ന് അവിടെനിന്ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ടതായിരുന്നു.

നാട്ടിൽനിന്ന് സ്‌പെയർപാർട്‌സ് എത്തിച്ചുവേണം അറ്റകുറ്റപ്പണിനടത്തേണ്ടത്. അറ്റകുറ്റപ്പണികൾക്കുശേഷം മാത്രമാകും ഈ വിമാനമാകും ഇന്ന് രാവിലെ കുവൈത്തിലെത്തുക. കുവൈത്തിൽനിന്ന് ഈ വിമാനമാണ് തിരിച്ചു മംഗലൂരുവിലേക്ക് പോകേണ്ടത്.

12.15നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ പോകാൻ യാത്രക്കാർ വിമാനത്താവളത്തിലെത്തി ബോർഡിങും ഇമിഗ്രേഷൻ പരിശോധനയും കഴിഞ്ഞശേഷമാണ് വിമാനം ഇല്ലാത്തവിവരം അറിയുന്നത്. എയർഇന്ത്യ അധികൃതർ യാത്രക്കാർക്ക് താമസ-ഭക്ഷണസൗകര്യമൊരുക്കി.