മനാമ: എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബഹ്‌റൈൻ-കോഴിക്കോട് നോൺസ്റ്റോപ് വിമാന സർവീസ് നാളെ തുടങ്ങുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ അറിയിച്ചു. ഐ.എക്‌സ് 474 നമ്പർ വിമാനം ഉച്ച 2.45ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട്ട് രാത്രി 9.35ന് എത്തും. ഇതേ വിമാനം കൊച്ചിയിൽ രാത്രി 12.05ന് എത്തും. 

തിരിച്ചുള്ള കൊച്ചി-കോഴിക്കോട്-ബഹ്‌റൈൻ സർവീസിൽ മാറ്റമില്ല. ബഹ്‌റൈനിൽ നിന്നുള്ള എല്ലാ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലും സൗജന്യമായി 30 കിലോ ബാഗേജ് അലവൻസ് അനുവദിക്കുന്നുണ്ട്. പുറമെ, പത്തു ദിനാർ അടച്ച് അഞ്ച് കിലോയും 20 ദിനാർ അടച്ച് 10 കിലോയും കൂടുതൽ കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. ഇത് ടിക്കറ്റ് എടുക്കുമ്പോൾ നൽകണം. എയർ ഇന്ത്യ ബഹ്‌റൈൻ-ഡൽഹി നോൺസ്റ്റോപ് വിമാനം തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണുള്ളത്.