മനാമ: എയർ ഇന്ത്യ എക്സ്‌പ്രസ് യാത്രക്കാർക്ക് സൗജന്യമായി കൂടെ കൊണ്ടുപോകാവുന്ന അധിക ലഗേജിന്റെ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വർധിപ്പിച്ച ലഗ്ഗേജ് അലവൻസാണ് ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്. നേരത്തെ 20 കിലോ ഫ്രീ ലഗ്ഗേജാണ് യാത്രക്കാർക്ക് അനുവദിച്ചിരുന്നത്. അതിൽ നിന്നാണ് 30 കിലോയായി ഉയർത്തിയത്. കൂടാതെ ഹാൻഡ് ബാഗേജും കൂടെക്കരുതാം.

ആദ്യകാലങ്ങളിൽ യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് 30 കിലോ ഫ്രീ ലഗ്ഗേജ് അനുവദിച്ചിരുന്നുവെങ്കിലും പിന്നീടത് 20 കിലോയായി കുറയ്ക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് ലഗേജിന്റെ തൂക്കം 20 കിലോ ആയി കുറച്ചത്. ഇത് യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 2015 ജൂൺ 15 വരെയായിരുന്നു 30 കിലോ ഫ്രീ ലഗ്ഗേജായി ബാഗേജ് അലവൻസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഗൾഫ്, മിഡ്ഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ ഈ വർഷം മുഴുവൻ ഈ അധിക ലഗ്ഗേജ് സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

ജൂൺ അഞ്ചിനു മുമ്പ് ടിക്കറ്റ് ഇഷ്യൂ ചെയ്തവർക്കും അധിക ബാഗ്ഗേജ് അലവൻസ് ബാധകമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ദുബായ്, ഷാർജ, അബുദാബി, അൽ ഐൻ, മസ്‌ക്കറ്റ്, സലാല, ബഹ്‌റിൻ, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്തുന്നുണ്ട്.