മനാമ: ഗൾഫ് മലയാളികൾക്ക് ചെലവ് കുറഞ്ഞ വിമാനയാത്ര ഒരുക്കുന്ന എയർ ഇന്ത്യ എക്സ്‌പ്രസിന്റെ പത്താം വാർഷികത്തോടനു ബന്ധിച്ചു യാത്രക്കാർക്കു നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നു. ബഹ്‌റൈനിൽ നിന്നു കൊച്ചി, കോഴി ക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്കു ഇന്ന് മുതൽ മെയ്‌ എട്ടു വരെ യാത്ര ചെയ്യുന്നവർക്കു നറുക്കെടുപ്പിൽ പങ്കെടുക്കാം.

നറുക്കെടുപ്പിലെ വിജയികൾക്കു സൗജന്യ വിമാന ടിക്കറ്റ് ലഭിക്കും. ഇതിന്റെ ഭാഗമായി ഭാഗ്യവാന്മാരായ 50 യാത്രികർക്ക് സൗജന്യ ടിക്കറ്റുകൾ നൽകും.ബുധനാഴ്ച മുതൽ മെയ് എട്ട് വരെയുള്ള യാത്രികരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇവരെ കണ്ടെത്തുക.തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകൾ വിമാനയാത്രയ്ക്കിടയിൽ പ്രഖ്യാപിക്കും. ഇവർക്ക് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ സർവീസ് പരിധിയിലുള്ള ഏത് സ്ഥലത്തേക്കും പോയി വരുന്നതിനുള്ള രാജ്യാന്തര യാത്രാ ടിക്കറ്റുകൾ നൽകും.

മെയ് 31 വരെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറുന്നവരുടെ സൗജന്യ ബാഗേജ് പരിധി 30 കിലോയായി കൂട്ടിയിട്ടുണ്ട്. പുതിയ ബുക്കിങ്ങുകൾക്ക് പുറമെ മുമ്പ് ബുക്ക് ചെയ്ത യാത്രക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ആഘോഷങ്ങളോടനുബന്ധിച്ച്, തിരുവനന്തപുരത്തെ അനാഥാലയങ്ങളിൽ നിന്നുള്ള 200 കുട്ടികൾക്ക് മെയ് ആറിന് എയർ ഇന്ത്യ എക്സ്‌പ്രസ് ഹാങ്ങറിൽ വിമാനം കാണാൻ അവസരം ഒരുക്കും.

കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് നിലവിൽ രാജ്യത്തെ 11 നഗരങ്ങളിൽ നിന്ന് 12 രാജ്യാന്തര സർവീസ് നടത്തുന്നുണ്ട്. 17 അത്യാധുനിക ബോയിങ്ങ് 737800 എൻ.ജി. വിമാനങ്ങൾ കമ്പനിക്ക് സ്വന്തമായുണ്ട്.