ദുബായ്: ദുബായിൽനിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർഇന്ത്യയുടെ വൈകിപ്പറക്കൽ തുടരുന്നു. വിശ്രമമില്ലാതെ നിത്യേന നാല് ഷെഡ്യൂളുകൾ സർവീസ് നടത്തുന്ന എയർഇന്ത്യാ വിമാനത്തിന് തകരാറുപറ്റിയപ്പോൾ പകരം ഒരു വിമാനം എത്തിക്കാൻ ഇല്ലാത്തതാണ് ഇതിന് കാരണം. താമസിച്ച് പറക്കൽ മൂന്നാംദിനമായ ഞായറാഴ്ചയും തുടർന്നു. ചൊവ്വാഴ്ചയോടെ സർവീസുകൾ പഴയപടി ആവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് ദുബായിൽ എത്തേണ്ടിയിരുന്ന വിമാനം വൈകിട്ട് ആറ്് മണിയോടെയാണ് ഇറങ്ങിയത്. ഇത് കോഴിക്കോട്ട് നിന്ന് പുറപ്പെടുമ്പോൾ വൈകിട്ട് മൂന്നര കഴിഞ്ഞിരുന്നു. ഇവിടെയെത്തി തിരിച്ച് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ടിയിരുന്നതും അതോടെ വളരെ വൈകി. ഇതുകാരണം രാത്രി ഒമ്പതോടെ തിരിച്ച് ഷാർജയിലേക്കുള്ള സർവീസും വൈകി. പുലർച്ചെ 12.05നാണ് ഈ വിമാനം ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടത്. അതിന്റെ യാത്ര എപ്പോഴാവുമെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല.

ദുബായിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത് ഒരേ വിമാനമാണ്. വെള്ളിയാഴ്ച ഇതിന് യന്ത്രത്തകരാർ സംഭവിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തകരാർ തീർക്കാൻ വിമാനം മുംബൈയിലേക്ക് വിട്ടു. തകരാർ പരിഹരിച്ച് കോഴിക്കോട്ടേക്ക് എത്തി യാത്ര തുടങ്ങാനായിരുന്നു പരിപാടി. എന്നാൽ കരിപ്പുർ വിമാനത്താവളം അറ്റകുറ്റപ്പണികൾക്കായി പകൽ സമയം അടച്ചിടുന്നതിനാൽ ഈ സമയം വിമാനം ഇവിടെ ഇറക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് യാത്രകളെല്ലാം താളം തെറ്റിയത്.

നാട്ടിൽ സീസൺ ആയതിനാൽ മറ്റേതെങ്കിലും റൂട്ടിൽനിന്ന് വിമാനം തത്കാലം പിൻവലിക്കാനും സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലാണ് യാത്രക്കാർ. പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്ടെത്തുന്ന വിമാനത്തിന് അടുത്ത രാവിലെ പത്ത് മണിക്കുള്ള ദുബായ് യാത്ര വരെയാണ് വിശ്രമം.