റിയാദ്: കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം യന്ത്രത്തകരാർ മൂലം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. ഓണത്തിന് നാട്ടിലെത്തേണ്ടിയിരുന്ന ഇരുനൂറോളം യാത്രക്കാരാണ് റിയാദിൽ കുടുങ്ങിയിരിക്കുന്നത്. മുംബൈയിൽ നിന്നെത്തിയ എൻജിനീയർമാരുടെ നേതൃത്വത്തിൽ യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടു ദിവസമായി ഫലം കണ്ടില്ല.

യാത്ര മുടങ്ങിയവർ ലോഞ്ചിലും പുറത്ത് ഹോട്ടലിലുമായി കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. കൃത്യസമയത്തു തന്നെ യാത്ര പുറപ്പെട്ട വിമാനം റൺവേയിലൂടെ നീങ്ങാൻ തുടങ്ങിയപ്പോഴാണ് യന്ത്രത്തകരാറുണ്ടായത്. തുടർന്ന് നിർത്തിയിട്ട വിമാനത്തിനുള്ളിൽ അഞ്ചര മണിക്കൂറോളം യാത്രക്കാരെ ഇരുത്തുകയായിരുന്നു. എന്നാൽ കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടപ്പോൾ യാത്രക്കാർ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് വിമാനത്താവള ജീവനക്കാർ എത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. പിന്നീട് ഇവരുടെ തന്നെ നേതൃത്വത്തിൽ ഇവർക്ക് താമസസൗകര്യവും ഭക്ഷണവും ഏർപ്പെടുത്തുകയായിരുന്നു.

വിസാ കാലാവധി ഏറെയുള്ളവർ പുറത്ത് ഹോട്ടലിൽ താമസത്തിന് പോയെങ്കിലും എക്‌സിറ്റ് വിസയിലുള്ളവർ ലോഞ്ചിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. ചെറിയ കുട്ടികളുൾപ്പെടെയുള്ളവർ ഇത്തരത്തിൽ വിമാനത്താവളത്തിൽ തന്നെ രണ്ടു ദിവസമായി കഴിയുന്നുണ്ട്. അതേസമയം വിമാനത്തിന്റെ സാങ്കേതിക തകരാർ എപ്പോൾ പരിഹരിക്കപ്പെടുമെന്ന് ആർക്കും പറയാൻ സാധിക്കാത്ത അവസ്ഥയാണ്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ വ്യാഴാഴ്ചയോടെ ബദൽ സംവിധാനമൊരുക്കി യാത്രക്കാരെ അയയ്ക്കുമെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.



തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ