മനാമ: ഗൾഫിലെ വേനലവധി മുതലെടുക്കാൻ വിമാനക്കമ്പനികൾ ഒരുക്കങ്ങൾ തുടങ്ങി. ജൂണിൽ ഗൾഫിൽ അവധി ആരംഭിക്കുന്നതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഇരുട്ടടിയായാണ് ടിക്കറ്റ് നിരക്ക് ഉയർത്താൻ കമ്പനികൾ തയ്യാറെടുക്കുന്നത്. പ്രവാസികളെ പിഴിയാൻ എയർ ഇന്ത്യാ എഎക്സ്‌പ്രസും രംഗത്തുണ്ട്.

ജൂൺ 15 മുതൽ ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടവർ റിട്ടേൺ അടക്കം 214 ദിനാർ നൽകേണ്ട അവസ്ഥയാണ്. മധ്യവേനലവധിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്‌പ്രസ് പുറത്തുവിട്ടപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനയാണ് വന്നിട്ടുള്ളത്. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമായി പോകുന്നവർക്ക് ആറ് മാസം മുമ്പ് തന്നെയുള്ള കുറഞ്ഞ നിരക്ക് 214 ദിനാറാണ്. ബഹ്‌റൈൻ- കൊച്ചി ആണെങ്കിൽ റിട്ടേൺ അടക്കം 204 ദിനാറാണ് എക്സ്‌പ്രസ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്‌പ്രസ് ഉയർന്ന നിരക്ക് പ്രഖ്യാപിച്ചതോടെ മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റുകൾക്കും വലിയ തുക നൽകേണ്ടി വരുമെന്നും ഉറപ്പാണ്. അതേസമയം, ജൂണിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ വന്ന ചൊവ്വാഴ്ച തന്നെ വർധനയും ഉണ്ടായിട്ടുണ്ട്.