- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിന് വിസ്മയക്കാഴ്ച സമ്മാനിച്ച് ആകാശഭീമൻ; പരീക്ഷണ പറക്കലിനിടെ ഇന്ത്യയുടെ വിവിഐപി വിമാനം ഇറങ്ങിയത് രാജ്യാന്തര വിമാനത്താവളത്തിൽ; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രയ്ക്കുള്ള വിമാനം എത്തിയത് പൈലറ്റുമാർ ഉൾപ്പെടെ ഒമ്പത് പേരുമായി; 15 മിനുറ്റ് ചെലവിട്ട് മടക്കയാത്ര
കണ്ണൂർ: കണ്ണൂരിന് വിസ്മയക്കാഴ്ച സമ്മാനിച്ച് ഇന്ത്യയുടെ വിവിഐപി വിമാനമായ എയർ ഇന്ത്യ വൺ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി അമേരിക്കയിൽ നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് പരീക്ഷണ പറക്കലിന്റെ ഭാഗമായി കേരളത്തിൽ എത്തിയത്.
ഡൽഹിയിൽ നിന്നെത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു 15 മിനിറ്റിനു ശേഷം ഡൽഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാർ ഉൾപ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
മിസൈൽ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ആകാശ ഭീമൻ കഴിഞ്ഞ ദിവസമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
യാത്രാവിമാന സർവീസുകൾ മുടക്കമില്ലാതെ നടക്കുന്ന സമയത്തും വിവിഐപി വിമാനങ്ങൾക്കു പ്രത്യേക പരിഗണനകൾ ലഭിക്കാറുണ്ടെങ്കിലും തിരക്കേറിയ വിമാനത്താവളങ്ങളിൽ പരീക്ഷണ പറക്കലിന് അനുമതി ലഭിക്കാൻ കാത്തിരിക്കേണ്ടിവരാറുണ്ട്.
കോവിഡ് സാഹചര്യത്തിൽ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയർ ഇന്ത്യ വൺ പരീക്ഷണാർഥം ഇറക്കുന്നുണ്ട്. വിമാന റാഞ്ചലോ മറ്റോ സംഭവിച്ചാൽ സുരക്ഷാർഥം പാർക്ക് ചെയ്യേണ്ട ഐസലേഷൻ പാർക്കിങ്ങിലും വിമാനം പാർക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്.
എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിർവഹിക്കുന്നത്. നിലവിൽ 'എയർ ഇന്ത്യ വൺ' എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്നത്. എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങൾ പറത്തുന്നത്.
പ്രമുഖ നേതാക്കൾക്കു വേണ്ടി സർവീസ് നടത്താതിരിക്കുമ്പോൾ വാണിജ്യ സർവീസുകൾക്കും ഈ വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്.മിസൈലുകൾ അടുക്കില്ല റഡാറുകൾ കാണില്ല
ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് ((LAIRCM)), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (എസ്‌പിഎസ്), മിസൈൽ പ്രതിരോധ സംവിധാനമാണ് 'എയർ ഇന്ത്യ വൺ' വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യു.എസിൽ നിന്ന് ഈ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്.
ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽ നിന്നു സംരക്ഷിക്കും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. വിമാനത്തിൽ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റും. ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട. ശത്രു റഡാറുകൾ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിലുണ്ട്.
വിമാനത്തിനുള്ളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാർത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങൾ, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ, ആണവ സ്ഫോടനത്തിന്റെ ആഘാതത്തിൽ പോലും ക്ഷതമേൽക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുള്ളത്.
ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിങ് 777 എയർ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
ന്യൂസ് ഡെസ്ക്