മാലെ: തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കു പോയ എയർ ഇന്ത്യ വിമാനം റൺവേ മാറി ഇറങ്ങി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വെലാന വിമാനത്താവളത്തിൽ നിർമ്മാണത്തിലുള്ള പുതിയ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

ഇറങ്ങിയ റൺവേയിൽ കിടന്നിരുന്ന ടാർപോളിനിൽ ചക്രം കുടുങ്ങി വിമാനം നിന്നതിനാൽ വൻ അപകടം ഒഴിവായി. എയർ ഇന്ത്യയുടെ എഐ 263 320നിയോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ സഞ്ചരിച്ച 136 യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. വിമാനത്തിലെ രണ്ടു ടയറുകൾ അപകടത്തിൽ തകർന്നു. വിമാനത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെയും ജോലിയിൽ നിന്ന് ഒഴിവാക്കി നിർത്തിയതായും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിനോട് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ അറിയിച്ചു.

 

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ വിമാനം വിദേശത്ത് തെറ്റായ റൺവേയിൽ ഇറങ്ങുകയോ പുറപ്പെടുകയോ ചെയ്യാൻ ശ്രമിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് മുംബൈയിലേക്കുള്ള ജെറ്റ് എയർവെയ്‌സിന്റെ ബോയിങ് 737 വിമാനം റിയാദ് വിമാനത്താവളത്തിൽ റൺവേയ്ക്കു സമാന്തരമായുള്ള ടാക്‌സിവേയിലൂടെ പറന്നുയരാൻ ശ്രമിക്കുകയും അവിടെ കുടുങ്ങുകയും ചെയ്തിരുന്നു. 150 യാത്രക്കാരാണ് അന്ന് ആ വിമാനത്തിൽ യാത്ര ചെയ്തത്.