ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യക്കാർക്ക് ഇന്ത്യയിലേക്ക് വരണമെങ്കിൽ കുറഞ്ഞത് രണ്ടുതവണ വിമാനം കയറിയിറങ്ങണം. ആദ്യം യൂറോപ്പിലെ ഏതെങ്കിലും ഒരു എയർപോർട്ടിൽ ഇറങ്ങിയ ശേഷം പിന്നെ ഗൾഫിലും ഇറങ്ങിയാലേ ഇന്ത്യയിൽ എത്താൻ കഴിയൂ. ലണ്ടനിലോ പാരീസിലോ ജർമനിയിലോ ഒക്കെ ഇറങ്ങിയശേഷം ദുബായിലോ ദോഹയിലോ കുവൈത്തിലോ ഒക്കെ ഇറങ്ങുകയും ചെയ്താൽ മാത്രമേ പലർക്കും ഇന്ത്യ കാണാൻ കഴിയൂ എന്നതാണ് സ്ഥിതി. അമേരിക്കൻ യാത്രക്കാരുടെ കുത്തക എമിറേറ്റ്‌സ് സ്വന്തമാക്കാൻ തുടങ്ങിയപ്പോഴാണ് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി ഇന്ത്യ വരുന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്രയാണ് അതുവഴി എയർ ഇന്ത്യ നേടിയെടുത്തത്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട മൂന്ന് ഡയറക്ട് ഫ്‌ളൈറ്റിന് പിന്നാലെ ഒന്നുകൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ

സാൻഫ്രാൻസിസ്‌കോയ്ക്കുള്ള ഡയറക്ട് ഫ്‌ളൈറ്റ് അടുത്ത മാസം ആരംഭിച്ചുകഴിഞ്ഞാൽ വാഷിങ്ടണിലേക്ക് മറ്റൊരു സർവീസ് തുടങ്ങുമെന്നാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ന്യുയോർക്ക്, നെവാർക്ക്, ഷിക്കാഗോ എന്നീ മൂന്ന് അമേരിക്കൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ നേരിട്ട് വിമാനം പറപ്പിക്കുന്നുണ്ട്. വാഷിങ്ടണിലേക്ക് നേരിട്ടുള്ള സർവീസിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന കാര്യം എയർ ഇന്ത്യ സിവിൽ വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിനെ അറിയിച്ചു.

ഡിസംബർ രണ്ടിനാണ് സാൻഫ്രാൻസിസ്‌കോയിലേക്ക് എയർ ഇന്ത്യ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നത്. ഇതിനുശേഷമാകും വാഷിങ്ടണിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റ്. ഇതിനുപുറമെ. അമേരിക്കൻ നഗരങ്ങളിലേക്ക് ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളിൽനിന്ന് നേരിട്ട് വിമാനം പറത്താനും എയർ ഇന്ത്യ ആലോചിക്കുന്നുണ്ട്. സാൻഫ്രാൻസിസ്‌കോയിലേക്കുള്ള ആദ്യ സർവീസിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റുകൾ വിറ്റുതീർന്നതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള വിമാനം ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്രകളിലൊന്നായിരിക്കും. 17 മണിക്കൂറോളമാണ് യാത്രാ സമയം. ഐ.ടി. കേന്ദ്രമായ സിലിക്കൺവാലിയിലേക്കുള്ള യാത്രക്കാരുടെ എണ്ണമാണ് ഈ സർവീസ് തുടങ്ങാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്. ബി77-20എൽആർ വിമാനമാണ് ഈ സർവീസിനായി ഉപയോദിക്കുക.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള സർവീസുകൾ നടത്തുക. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ സാൻഫ്രാൻസിസ്‌കോയിൽനിന്നും സർവീസുണ്ടാകും.