റിയാദ്: റിയാദിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ജൂലൈ 23ന് ആരംഭിച്ച ഈ ആനുകൂല്യം സെപ്റ്റംബർ 30 വരെ തുടരുമെന്ന് എയർ ഇന്ത്യ സീനിയർ എജിഎം കുന്ദൻലാൽ ഗോദ്വാൽ വ്യക്തമാക്കി. സ്‌കൂൾ അവധി തുടങ്ങുന്നതോടെ സാധാരണ നാട്ടിലേക്ക് പ്രവാസികൾ യാത്ര ചെയ്യണമെങ്കിൽ കനത്ത യാത്രാക്കൂലി നൽകേണ്ട അവസ്ഥയാണുള്ളത്. ഈയവസ്ഥ മാറ്റിയെടുത്ത് സ്വദേശത്തേക്ക് പ്രവാസികൾക്കുള്ള യാത്രാനിരക്കിൽ ഇളവു ചെയ്യുകയാണ് എയർഇന്ത്യയെന്ന് ഗോദ്വാൽ വെളിപ്പെടുത്തി. ഇരുവശങ്ങളിലേക്കുമുള്ള യാത്രാ നിരക്കിൽ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.

റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിക്കുമുള്ള പുതിയ നിരക്ക് 535 റിയാൽ, 657 റിയാൽ എന്ന തോതിലാണ് പുതിയ നിരക്ക്. തിരിച്ച് റിയാദിലേക്ക് 1295 റിയാൽ, 1152 റിയാൽ എന്ന തോതിലുമാണ് നിരക്ക്. മുംബൈ, ന്യൂഡൽഹി നിരക്കുകൾ: റിയാദിലേക്ക് 705, 591 റിയാൽ എന്ന തോതിലും തിരിച്ച് 1291 റിയാൽ, 1025 റിയാൽ എന്നതുമാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ വെബ്‌സൈറ്റിൽ ലഭ്യമാണ്.