ഓക്ക്‌ലാൻഡ്: യാത്രാമധ്യേ വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് എയർ ന്യൂസിലാൻഡ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. ഓക്ക്‌ലാൻഡിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെല്ലിങ്ടണിൽ നിന്ന് പറന്നുയർന്ന എയർ ന്യൂസിലാൻഡ് വിമാനത്തിനാണ് ആകാശത്തു വച്ച് മിന്നലേറ്റത്.

വിമാനത്തിന് മിന്നൽ ഏറ്റതിനെ തുടർന്ന് യാത്രക്കാരിലൊരാളായ ലേബർ ലീഡർ ആൻഡ്രൂ ലിറ്റിൽ ട്വിറ്ററിൽ സംഭവത്തെ കുറിച്ച് പങ്കുവച്ചിട്ടുണ്ട്. വെല്ലിങ്ടണിൽ നിന്ന് പറന്നുയർന്ന എയർ ന്യൂസിലാൻഡിന്റെ എൻസെഡ് 410 വിമാനത്തിന് തുടക്കത്തിൽ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും എന്നാൽ യാത്രാ മധ്യേ പെട്ടെന്ന് മിന്നൽ ഏൽക്കുകയായിരുന്നുവെന്നും ട്വിറ്ററിൽ പറയുന്നു. ആടിയുലഞ്ഞ വിമാനം പെട്ടെന്ന് ഓക്ക്‌ലാൻഡിൽ അടിയന്തിര ലാൻഡിങ് നടത്തി. പൈലറ്റിന്റെ അനൗൺസ്‌മെന്റ് വന്നതോടെ യാത്രക്കാർ പരസ്പരം നോക്കി പരിഭ്രാന്തരായെന്നും എന്നാൽ പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കിയെന്നും ആൻഡ്രൂ ലിറ്റിൽ വ്യക്തമാക്കി.

അതേസമയം ആകാശത്തു വച്ച് വിമാനങ്ങൾക്ക് മിന്നൽ ഏൽക്കുന്നത് അസാധാരണമല്ലെന്നും എയർക്രാഫ്റ്റുകൾ അതനുസരിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും എയർ ന്യൂസിലാൻഡ് വക്താവ് വെളിപ്പെടുത്തി. പരിശോധന നടത്തിയ എൻജിനീയർമാർ വിമാനത്തിന് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിമാനം അടുത്ത യാത്ര തുടർന്നുവെന്നും വക്താവ് ചൂണ്ടിക്കാട്ടി.