മുംബൈ: അന്തരീക്ഷ മലിനീകരണം കാരണം മെട്രോ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലുമായി 80,665 പേർക്ക് 2015ൽ അകാലമൃത്യു സംഭവിച്ചതായി പഠനം. മുപ്പതുവർഷത്തിനിടെയാണ് ഇത്രയും പേർക്ക് വായുമലിനീകരണത്തിലൂടെ ജീവൻ നഷ്ടമാകുന്നത്. ഇതിന് പുറമെ 70,000 കോടിയുടെ സാമ്പത്തിക നഷ്ടത്തിന് അന്തരീക്ഷ മലിനീകരണം കാരണമായെന്നും പഠനത്തിൽ പറയുന്നു.

അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തേയും ജോലിചെയ്യാനുള്ള ക്ഷമതയേയും എത്രത്തോളം ബാധിക്കുന്നുവെന്നാണ് പഠനത്തിൽ വിലയിരുത്തിയത്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക, നിർമ്മാണമേഖലയിൽ നിന്ന് വായുവിൽ കലരുന്ന പൊടിപടലങ്ങൾ, മറ്റു വ്യവസായങ്ങളിൽ നിന്നുള്ള പുകയും വാതകങ്ങളും പൊടിയും വായുവിൽ കലരുന്നത് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

വ്യവസായ നഗരമായ മുംബൈയെ അപേക്ഷിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് വായു മലിനീകരണ തോത് കൂടുതൽ 1995ൽ ഡൽഹിയിൽ 19,716 പേർക്ക് അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ഥാനത്ത് മുപ്പത് വർഷങ്ങൾക്കിപ്പുറം 2015ൽ 48,615 പേർ മരിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതിൽ നിന്നുതന്നെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് എത്രയോ ഇരട്ടി ഉയർന്നതായി മനസ്സിലാക്കാം. മുംബൈയിൽ 95ൽ 19,291ൽ നിന്ന് 32,014 ആയി മരണം ഉയർന്നു. വായുമലിനീകരണം മൂലം തൊഴിൽ ദിനങ്ങളിലുണ്ടായ നഷ്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു നഗരങ്ങളിലുമായി 70,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും വായുമലിനീകരണം മൂലം ഉണ്ടായതായി കണക്കാക്കുന്നത്. ഓരോ വർഷവും ഇതിന്റെ തോത് കൂടുകയാണെന്നും 1995നെ അപേക്ഷിച്ച് 60 ശതമാനം വർധനയാണ് കാണിക്കുന്നതെന്നും പഠനം വിലയിരുത്തുന്നു.

വായു മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ചവരുടെ എണ്ണവും ഇരു നഗരങ്ങളിലും ക്രമാതീതമായി കൂടിവരികയാണ്. ഇതിനാൽതന്നെ ഈ മഹാനഗരങ്ങളിൽ ജീവിക്കുന്നവരിൽ പലരുടേയും ആയുസ്സ് കുറയുന്നതായും പഠനത്തിൽ വ്യക്തമായി. ആരോഗ്യവും ദീർഘായുസ്സും കണക്കാക്കുന്നതിന് ആധാരമായുള്ള 'ഡിസബിളിറ്റി അഡ്ജസ്റ്റഡ് ലൈഫ് ഇയേഴ്‌സ് (ഡിഎഎൽവൈ) പ്രകാരമുള്ള കണക്കും അവർ മുന്നോട്ടുവയ്ക്കുന്നു.

ഇതുപ്രകാരം ആയുസ്സുകുറയുന്നവരുടെ എണ്ണം ഡൽഹിയിൽ 95ൽ 3.4 ലക്ഷമായിരുന്നത് 2015ൽ 7.5 ലക്ഷമായി ഉയർന്നു. മുംബൈയിൽ ഇത് യഥാക്രമം 3.4 ലക്ഷത്തിൽ നിന്ന് 5.1 ലക്ഷമായും ഉയർന്നിട്ടുണ്ട്.

ഗവേഷണ വിദ്യാർത്ഥിയായ മാജി, മുംബൈ ഐഐടിയിലെ പ്രൊഫസർമാരായ അനിൽ ദീക്ഷിത്, അശോക് ദേശ്പാണ്ഡെ എന്നിവർ നടത്തിയ ഐഐടി ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.