വിമാനക്കമ്പനികൾക്ക് ഇത് ചാകരക്കാലം. ക്രിസ്തുമസ്, പുതുവത്സര, സ്‌കൂൾ അവധി കണക്കിലെടുത്ത് കമ്പനികൾ യാത്രക്കാരെ പിഴിയാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയാണ് വർദ്ധന. ദുബായിൽ നിന്ന് കൊച്ചിയിൽ എത്താൻ 450 ദിർഹം കൊടുത്ത യാത്രക്കാർ ഇനി 1500 ദിർഹം നൽകണം. എയർ ഇന്ത്യാ എക്സ്‌പ്രസ് യാത്രാ നിരക്കാണ് ഈ വിധത്തിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
 
മറ്റു കമ്പനികൾ ഇതിലും വലിയ നിരക്കാണ് പറയുന്നത്. കൂടിയ തുക കൊടുത്താൽ പോലും ടിക്കറ്റ് കിട്ടാൻ ഇല്ലെന്നാണ് യാത്രക്കാർ പറയുന്നത്. എമിറേറ്റ്‌സ്, ഇത്തിഹാദ്,എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാക്കനിയാണ്. എമിറേറ്റ്‌സ് എയർലൈനിൽവൺവേയ്ക്ക് 1840 ദിർഹമാണ് നിരക്ക്.

ഗൾഫിലെ സ്‌കൂളുകളിൽ ശീതകാല അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ്  വിമാന ക്കമ്പനികൾ യാത്രക്കാരിൽ നിന്ന് ഇങ്ങനെ പിടിച്ചു പറിക്കുന്നത്. ഇൻഡിഗൊ എയർലൈൻസിൽ യാത്ര ചെയ്യാൻ 3,247 ദിർഹവും, ജെറ്റിലാണെങ്കിൽ 3,281 ഉം, ഇത്തിഹാദ് എയർവെയ്‌സിലാണെങ്കിൽ 3,813 ദിർഹവുമാണ് നൽകേണ്ടത്. സാധാരണക്കാരെ സഹായിക്കാൻ എത്തിയ ബജറ്റ് എയർലൈനുകളും നിരക്ക് കൂട്ടുന്ന കാര്യത്തിൽ മത്സരിക്കുകയാണ്.

ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ശരാശരി 500 ദിർഹത്തിനു താഴെയായിരുന്നു വൺവെ നിരക്ക്. ഈ സമയങ്ങളിൽ നാട്ടിൽ പോയി
വരാൻ 1,000 ദിർഹം മതിയായിരുന്നു.