വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് ചാകരയാണ്. ഗൾഫ് മേഖലകളിൽ അവധിക്കാലവും പെരുന്നാളും ഒന്നിച്ചെത്തിയതോടെ നാട്ടിലേക്ക് പോരുന്ന പ്രവാസികളുടെ തിക്കും തിരക്കുമാണ്. ഈ അവസരം മുതലെടുത്ത് കമ്പനികൾ വൻ തുക ടിക്കറ്റ് ചാർജായി ഈടാക്കുന്നുണ്ടെങ്കിലും വൻ തുക മുടക്കിയാലും പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാനില്ലെന്നുള്ളതാണ് മറ്റൊരു സത്യം.

നാട്ടിൽപോവണമെങ്കിൽ ഇപ്പോൾ പലർക്കും കിടപ്പാടം പണയംവെക്കേണ്ട അവസ്ഥയാണ്. അത്രയും കൂടിയ നിരക്കാണ് സൂപ്പർ പീക് സീസണിന്റെ പേരിൽ വിമാനക്കമ്പനികൾ പ്രവാസികളിൽനിന്ന് ഈടാക്കുന്നത്. ഓഫ് സീസണിൽ 60 ദീനാറിൽ താഴെയും സാധാരണഗതിയിൽ 90 ദീനാറിൽ താഴെയും നിരക്കുള്ള വൺവേ ടിക്കറ്റിന് ഇപ്പോൾ 200 മുതൽ 350 ദീനാർ വരെ കൊടുക്കണം. ഇത് നൽകാൻ തയാറാണെങ്കിൽതന്നെ മിക്ക വിമാനക്കമ്പനികളിലും പെരുന്നാൾ ദിനം വരെ ടിക്കറ്റ് കിട്ടാനുമില്ല.

ഖത്തർ എയർവേസ്, ഒമാൻ എയർ, എയർ അറേബ്യ എന്നിവയും കണക്ഷൻ സർവിസുകൾ നടത്തുന്നുണ്ട്.എന്നാൽ, പെരുന്നാൾ പോലുള്ള സൂപ്പർ പീക് സീസണിൽ ഇവയിലൊന്നും വൻതുക മുടക്കിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഉയർന്ന ടിക്കറ്റ് നിരക്കുകാരണം നിരവധി കുടുംബങ്ങൾ വേനലവധിക്കുള്ള യാത്ര റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.