മസ്‌ക്കറ്റ്: ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ ടിക്കറ്റിൽ വർധന ഏർപ്പെടുത്തുമെന്ന് എയർപോർട്ട് മാനേജ്‌മെന്റ്. സെക്യൂരിറ്റി ഫീ ഇനത്തിലാണ് നിരക്ക് വർധന ഏർപ്പെടുത്തുന്നത്. രാജ്യത്തെ എല്ലാ എയർ പോർട്ടിൽ നിന്നും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് ഒരു റിയാൽ കൂടി അധികമായി ഈടാക്കും. ജനുവരി ഒന്നു മുതലാണ് പുതുക്കിയ നിരക്ക് ബാധകമാകുക. ഡൊമസ്റ്റിക് യാത്രക്കാർക്ക് ഇതു ബാധകമായിരിക്കില്ല.

ഒമാൻ എയർ പോർട്ട് ടാക്‌സ് എട്ടു റിയാലിൽ നിന്ന് പത്തു റിയാലായി ഈ വർഷം ഉയർത്തിയിരുന്നു. വീണ്ടും ടാക്‌സ് ഇനത്തിൽ യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്നതിൽ പരക്കെ അതൃപ്തി ഉയർന്നിട്ടുണ്ട്. ഒരു റിയാൽ കൂടി അധികമായി ഈടാക്കാൻ തുടങ്ങുന്നതോടെ ഈയിനത്തിൽ പതിനൊന്ന് റിയാൽ ഓരോ അന്താരാഷ്ട്ര യാത്രക്കാരും നൽകേണ്ടി വരും.