ജക്കാർത്ത: ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടുന്ന ഇന്തോനേഷ്യയിൽ നിന്നും കരളുരുക്കുന്ന വാർത്ത കൂടി പുറം ലോകത്തേക്ക് വരികയാണ്. ഭൂകമ്പം നടക്കുന്നതിനിടയിലും സ്വന്തം ജീവൻപോലും നോക്കാതെ ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരുടേയും ജീവൻ രക്ഷിച്ച 21കാരന് നാട് കണ്ണീരോടെ വിട നൽകി. അന്റോണിയസ് ഗുനാവൻ എന്ന 21കാരനാണ് ജീവനേക്കാൾ കൃത്യനിർവ്വഹണത്തിന് പ്രാധാന്യം നൽകി ലോകത്തിന് തന്നെ മാതൃകയായത്. ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലെ പാലു നഗരത്തിലുള്ള മുത്യാര വിമാനത്താവളത്തിൽ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം.

ഭൂകമ്പങ്ങൾ തുടർച്ചയായ വെള്ളിയാഴ്ച വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോൾ ടവറിൽ അന്റോണിയസായിരുന്നു ചുമതലയിൽ ഉണ്ടായിരുന്നത്. ഭൂകമ്പം വിമാനത്താവളത്തെയും തകർക്കാൻ തുടങ്ങിയപ്പോൾ സഹപ്രവർത്തകരെല്ലാം ടവറിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. എന്നാൽ, ഒരു വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നത് കണ്ട അന്റോണിയസ് പുറത്തിറങ്ങാൻ തയ്യാറായില്ല. കൃത്യമായി നിർദ്ദേശങ്ങൾ നൽകി വിമാനം പറന്നുയർന്ന ശേഷം മാത്രമേ അദ്ദേഹം സ്വന്തം ജീവനെക്കുറിച്ച് ആലോചിച്ചുള്ളു.

എന്നാൽ സമയം അപ്പോഴേക്കും വളരെ വൈകിയിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തകർന്ന് ഒറ്റപ്പെട്ട അന്റോണിയസ് ജീവൻ നിലനിർത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ നാല് നിലയുള്ള ടവറിൽ നിന്ന് ചാടി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷാപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ മികച്ച ചികിത്സക്കായി ഹെലിക്കോപ്റ്ററിൽ കൊണ്ടുപോവാൻ ഒരുങ്ങവെയാണ് മരിച്ചത്. മരണാനന്തരം ഉയർന്ന റാങ്ക് നൽകിയാണ് വിമാനക്കമ്പനി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്.