ചെലവ് കുറഞ്ഞ വിമാനസർവീസുകൾ നടത്തുന്നതിലൂടെ പ്രശസ്തമായ മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യൻ വിമാനത്തിലെ സുന്ദരികളായ എയർഹോസ്റ്റസുമാർ അധികം വൈകാതെ കൈയും മുഖവും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കേണ്ടി വരുമോ എന്ന ചോദ്യം ശക്തമായിരിക്കുകയാണ്. ശരീ അത്ത് നിയമം അനുസരിച്ചുള്ള വസ്ത്രം ഇതിലെ എയർഹോസ്റ്റസുമാർ ധരിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ച് മലേഷ്യൻ പാർലിമെന്റ് രംഗത്തെത്തിയിരിക്കുന്നു. മലേഷ്യയുടെ ഇസ്ലാമിക സംസ്‌കാരത്തിന് അനുസൃതമായ വേഷവിതാനമാണ് എയർഹോസ്റ്റസുമാരും ധരിക്കേണ്ടതെന്ന ആവശ്യം ശക്തമായി പാർലിമെന്റിൽ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് സെനറ്ററായ മാറ്റ് യാസിമാണ്.

മറ്റ് നിരവധി സെനറ്റർമാരും ഇക്കാര്യത്തിൽ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ഇത് നിയമം ആകുന്നതിനുള്ള സാധ്യത ശക്തമായിരിക്കുന്നത്. നിലവിൽ എയർ ഏഷ്യൻ വിമാനത്തിലെ എയർഹോസ്റ്റസുമാർ ധരിക്കുന്ന വസ്ത്രങ്ങൾ മലേഷ്യയുടെ ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നാണ് മാറ്റ് യാസിം പറയുന്നത്.മലേഷ്യൻ പാർലിമെന്റിലെ ഉപരിസഭയായ ഡീവാൻ നെഗാരയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉയർത്തിക്കാട്ടിയിരിക്കുന്നത്. ദി മലേഷ്യൻ ഏവിയേഷൻ കമ്മീഷൻ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നും യാസിം ആവശ്യപ്പെടുന്നു.

അധികാരത്തിലിരിക്കുന്ന ഉംനോ രാഷ്ട്രീയ പാർട്ടിയുടെ സെനറ്ററാണ് യാസിം എന്നത് ഈ ആവശ്യത്തിന് പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. മലേഷ്യൻ നാഷണൽ സിലാറ്റ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും സെനറ്ററുമായ മെഗാറ്റ് സുൽകർനയിൻ ഒമാർഡിനും ഇക്കാര്യത്തിൽ യാസിമിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മറ്റൊരു മലേഷ്യൻ വിമാനക്കമ്പനിയായ മലിൻദോയിലെ എയർഹോസ്റ്റസുമാരും വളരെ അസഭ്യമായിട്ടാണ് വേഷം ധരിക്കുന്നതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് ഒമാർഡിൻ പറയുന്നത്. ഇക്കാരണത്താൽ താൻ മലിൻദോയിലോ എയർ ഏഷ്യയിലോ സഞ്ചരിക്കുമ്പോൾ തന്റെ ഭാഹ്യ ആശങ്കപ്പെടാറുണ്ടെന്നും ഒമാർഡിൻ വെളിപ്പെടുത്തുന്നു. ഇത് തനിക്ക് കടുത്ത അപമാനമുണ്ടാക്കുന്നുവെന്നും ഈ സെനറ്റർ പാർലിമെന്റിൽ ഉയർത്തിക്കാട്ടുന്നു. 

ഈ പ്രശ്‌നം പ്രാധാന്യമുള്ളതാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഡീവാൻ നെഗാരയുടെ ഡെപ്യൂട്ടി പ്രസിഡന്റായ അബ്ദുൾ ഹലിം സമദ് വെളിപ്പെടുത്തുന്നത്. വിമാനത്തിൽ കയറുമ്പോൾ നിരവധി പേർക്ക് ഈ ചിന്തയുണ്ടാകുന്നുവെന്നും സമദ് പറയുന്നു. എയർ ഹോസ്റ്റസുമാർ ശരീയത്ത് നിയമങ്ങൾ പാലിച്ച് കൊണ്ടുള്ള വേഷംധരിക്കണമെന്ന് സെനറ്ററായ ഹനാഫി മാമറ്റും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മലേഷ്യ ഒരു ഇസ്ലാമിക് രാജ്യമാണെന്ന് നാം അഭിമാനിക്കുന്നുണ്ടെങ്കിലും വിമാനത്തിലെ എയർഹോസ്റ്റസുമാർ ലൈംഗികതസ്ഫുരിക്കുന്ന വസ്ത്രം ധരിക്കുന്ന അപമാനകരമാണെന്നാണ് ചാനൽ ന്യൂസ് ഏഷ്യയോട് സംസാരിക്കവെ മാമറ്റ് വെളഇപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ഇവിടുത്തെ നാഷണൽ കാരിയറുകളെ യാത്രക്കായി ഉപയോഗിക്കുന്ന ടൂറിസ്റ്റുകൾക്ക് രാജ്യത്തെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.