കൊച്ചി: ബെംഗലൂരുവിനെ കൊച്ചിയുമായും കൊൽക്കത്തയുമായും ബന്ധിപ്പിക്കുന്ന ഡെയിലി ഫ്‌ളൈറ്റുകൾ അടക്കമുള്ള പുതിയ സർവീസുകൾക്ക് എയർഏഷ്യ ഇന്ത്യ തുടക്കം കുറിച്ചു. ബെംഗലൂരു വഴി കൊച്ചിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള വിമാന സൗകര്യവും ഇതോടെ ലഭ്യമാകും. ബാഗ്‌ദോഗ്രയ്ക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള അധിക സർവ്വീസുകൾ, ഹൈദരാബാദിനും ഗോവയ്ക്കും ഇടയിലുള്ള പുതിയ റൂട്ട് എന്നിവയും എയർഏഷ്യ അവതരിപ്പിച്ചിട്ടുണ്ട്.

യാത്രക്കാരുടെ വർധനവും അവധിക്കാലവും കണക്കിലെടുത്ത് അധിക സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മഹാമാരിയിൽ നിന്നു കരകയറി വരുന്ന വ്യോമയാന മേഖലയ്ക്ക് ഇത് ഗുണകരവുമാകും. മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്ക് ഭക്ഷണവും പാനീയങ്ങളും നൽകുന്നത് എയർലൈൻ അടുത്തിടെ പുനരാരംഭിച്ചിരുന്നു.

കൊൽക്കത്ത ബാഗ്‌ദോഗ്ര റൂട്ടിൽ ആഴ്ചയിൽ മൂന്നു സർവ്വീസുകൾ വീതമാകും ഇരുഭാഗത്തേക്കും അധികമായി നടത്തുക. കൊൽക്കൊത്ത-ബെംഗലൂരു, ബെംഗലൂരു-കൊച്ചി റൂട്ടിൽ ഇരു ഭാഗത്തേക്കും പ്രതിദിന സർവ്വീസുകളാണ് ഉണ്ടാകുക. ഇവയെല്ലാം നവംബർ 12 മുതൽ ലഭ്യമാക്കിയിട്ടുണ്ട്. നവംബർ 18 മുതലാണ് ഹൈദരാബാദ്-ഗോവ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും ആധുനീകമായ എയർബസ് എ320നിയോയുടെ 186 സീറ്റുകളുള്ള വിമാനവുമായി എയർഏഷ്യ തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 31 ആയി അടുത്തിടെ ഉയർത്തിയിരുന്നു. ന്യൂഡൽഹി, ബെംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫ്‌ളൈപോർട്ടർ ബാഗേജ് പിക്ക് അപ്, ഡെലിവറി ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. മുൻഗണനാ ചെക്ക്-ഇൻ, ബോർഡിങ്, ബഗ്ഗേജ് തുടങ്ങിയവ അടങ്ങുന്ന റെഡ് കാർപറ്റ് സേവനങ്ങൾ 400 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുമുണ്ട്.