ടൊറന്റോ: നിങ്ങളുടെ വീട്ടിലെ ഒരു മുറി എയർ ബിഎൻബിക്ക് വാടകയ്ക്കു കൊടുക്കുകയോ നിങ്ങളുട കാർ യൂബർ ടാക്‌സി സർവീസിനു വേണ്ടി ഓടുകയോ ചെയ്യുകയാണെങ്കിൽ സൂക്ഷിക്കുക...നിങ്ങൾക്കു മേൽ വരുമാന നികുതി ഉദ്യോഗസ്ഥരുടെ പിടിവീഴും. ഓൺലൈൻ ഷെയറിങ് ഇക്കോണമി വഴി അധിക വരുമാനം ഉറപ്പാക്കുന്ന ഇത്തരം സർവീസുകൾക്ക് ഇനി മുതൽ നികുതി അടയ്‌ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എയർബിഎൻബി, യൂബർ, ഇറ്റ്‌സി തുടങ്ങിയവയിലൂടെ ലഭ്യമാകുന്ന വരുമാനത്തിനും നിങ്ങൾ നികുതി അടയ്‌ക്കേണ്ടതായുണ്ടെന്നാണ് ഏറ്റവും പുതിയ വാർത്ത.

നിലവിലുള്ള വരുമാനത്തിനു പുറമേ അധികവരുമാനമായിട്ടാണ് മിക്കവരും യൂബർടാക്‌സി സർവീസിനേയും എയർബിഎൻബിയേയും ഇബേയേയും മറ്റും കാണുന്നത്. നികുതിയിനത്തിൽ പെടാതെ ഈ വരുമാനം കണക്കാക്കാമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ വരുമാനത്തിനും നികുതി ഈടാക്കാനാണ് തീരുമാനം.

എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം തെളിയിക്കുന്ന ഡോക്യുമെന്റുകൾ ഇല്ലെന്നതാണ് മറ്റൊരു പ്രശ്‌നം. എന്നാൽ ഇനി മുതൽ ഇത്തരം ബിസിനസുകൾക്ക് ഇറങ്ങിത്തിരിക്കുമ്പോൾ മതിയായ രേഖകൾ സൂക്ഷിക്കണമെന്നും ടാക്‌സ് കൺസൾട്ടന്റുകൾ ഓർമിപ്പിക്കുന്നു.