ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു. അപകടത്തിൽ ഫൈറ്റർ ജെറ്റിന്റെ രണ്ട് പൈലറ്റുമാർക്കും ജീവൻ നഷ്ടപ്പെട്ടതായി ജില്ലാ കളക്ടർ ലോക്‌ബന്ധു യാദവ് സ്ഥിരീകരിച്ചു. യുദ്ധവിമാനം രാത്രി പരിശീലനത്തിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ഉത്തർലായ് വ്യോമതാവളത്തിൽ നിന്നും പരീക്ഷണപ്പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം തകർന്നുവീണത്. ഗുരുതരമായി പരുക്കേറ്റ പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വ്യോമസേന അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു.

രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവമെന്നാണ് റിപ്പോർട്ട്. രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടർന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ. പുറത്തുവിട്ടിട്ടുണ്ട്.

ബാർമറിൽ മിഗ് 21 യുദ്ധവിമാനം തകർന്നതിനെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയിൽ നിന്നും വിവരങ്ങൾ തേടി. സംഭവത്തെക്കുറിച്ച് ഐഎഎഫ് മേധാവി അദ്ദേഹത്തോട് വിശദമായി വിശദീകരിച്ചു.

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം രണ്ട് പൈലറ്റുകളാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകർന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.