വിമാനയാത്രയിൽ വിശന്നു വലഞ്ഞ കുഞ്ഞിന് ആശ്വാസമായി എയർ ഹോസ്റ്റസ്. വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറായ എയർ ഹോസ്റ്റസിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമങ്ങൾ. എയർഹോസ്റ്റസിന്റെ സമാനതകളില്ലാത്ത പ്രവർത്തിക്ക് സമൂഹത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ്. ഫിലിപ്പീൻസ് എയർലൈൻസ് ജീവനക്കാരിയായ പട്രിഷ ഓർഗാനോയാണ് വിമാനത്തിനുള്ളിൽ വിശന്നുകരഞ്ഞ കുഞ്ഞിന് പാൽ നൽകിയത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്തെ യാത്രക്കാരൊക്കെ അവിടേക്ക് ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു.കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് പട്രിഷ അമ്മയുടെയും കുഞ്ഞിന്റെയും അരികിലേക്ക് ചെന്നത്.കുപ്പിയിൽ കരുതിയിരുന്ന പാൽ തീർന്നതിനെ തുടർന്ന് നിസ്സഹായയായി ഇരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മ. ഇതോടെ കുഞ്ഞിന് താത്കാലികമായി അമ്മയാവുകയായിരുന്നു പട്രിഷ തയ്യാറാകുകയായിരുന്നു
നവംബർ എട്ടിനായിരുന്നു സംഭവം. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ്.

താൻ അപരിചിതയായ ഒരമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയെന്ന കാര്യം പട്രിഷ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. 36,000 ത്തിലധികം തവണയാണ് പട്രിഷയുടെ കുറിപ്പ് ഇതിനോടകം ഷെയർ ചെയ്യപ്പെട്ടത്.ക്യാബിൻ ക്രൂ ഇവാലുവേറ്റർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷാദിനം കൂടിയായിരുന്നു അന്ന് പട്രീഷയ്ക്ക്. പരീക്ഷ വിജയിച്ചതായും ക്യാബൻ ക്രൂ ഇവാലുവേറ്ററായി സ്ഥാനക്കയറ്റം കിട്ടിയെന്നും പട്രീഷ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.