- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റെടുത്തതിന് പിന്നാലെ നവീകരണം തുടങ്ങി ടാറ്റ; എയർ ഇന്ത്യയിൽ എംപി.മാരുടെ വിമാനയാത്രയ്ക്കുള്ള ക്രെഡിറ്റ് സൗകര്യം നിർത്തലാക്കി; ഉടൻ പണം നൽകിയാൽ മാത്രമെ ടിക്കറ്റ് ലഭ്യമാകുവെന്ന് കമ്പനി; വിമർശനവുമായി പ്രതിപക്ഷം
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ നവീകരണം തുടങ്ങി കമ്പനി. ആദ്യ പണികിട്ടിയത് എംപിമാർക്കും.പാർലമെന്റംഗങ്ങൾക്ക് വിമാനയാത്രയ്ക്കുള്ള ക്രെഡിറ്റ് സൗകര്യം എയർ ഇന്ത്യ നിർത്തലാക്കി. ഇനിമുതൽ ഉടൻ പണം നൽകിയാൽ മാത്രമേ എയർ ഇന്ത്യയുടെ വിമാന ടിക്കറ്റുകൾ ലഭ്യമാവൂവെന്ന് കമ്പനി വ്യക്തമാക്കിയതായി ലോക്സഭ, രാജ്യസഭാ സെക്രട്ടറി ജനറൽമാർ എംപി.മാരെ അറിയിച്ചു.
എയർ ഇന്ത്യ യാത്രയ്ക്കായി പാർലമെന്റ് സെക്രട്ടേറിയറ്റിൽ നിന്ന് എംപി.മാർക്ക് നൽകിയിരുന്ന എക്‌സ്‌ചേഞ്ച് ഉത്തരവ് നിർത്തലാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്. എയർ ഇന്ത്യയുടെ ഓഹരികൾ കേന്ദ്രസർക്കാർ വിറ്റഴിച്ചു. ഇതിന്റെ തുടർച്ചയായാണ് ക്രെഡിറ്റ് സൗകര്യം നിർത്തലാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
പാർലമെന്റ് കൗണ്ടറിൽനിന്നുള്ള പ്രത്യേക അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ ക്രെഡിറ്റ് വ്യവസ്ഥയിൽ എയർ ഇന്ത്യയുടെ വിമാനടിക്കറ്റുകൾ നൽകുന്നതായിരുന്നു നിലവിലെ രീതി. വിമാനത്താവളങ്ങളിലെ എയർ ഇന്ത്യ കൗണ്ടറുകളിൽ നിന്ന് ഇങ്ങനെ ടിക്കറ്റെടുക്കാമായിരുന്നു. യാത്രക്കൂലി പിന്നീട് എംപി.മാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കി പാർലമെന്റ് അക്കൗണ്ടിൽനിന്ന് എയർ ഇന്ത്യയ്ക്കു കൈമാറ്റം ചെയ്യപ്പെടും. ഇങ്ങനെയുള്ള എക്‌സ്ചേഞ്ച് ഓർഡർ സംവിധാനം ഇനി ഉണ്ടാവില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.
എംപി.മാർക്ക് വിമാനടിക്കറ്റിന്റെ നികുതിമാത്രം നൽകി ബിസിനസ് ക്ലാസിൽ ഒരു കൂട്ടാളിയെ കൊണ്ടുപോവാൻ കഴിയാവുന്ന സൗകര്യവും ഇനി ഉണ്ടാവില്ലെന്ന് അറിയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവൊന്നുമില്ല.
എംപി.മാരെ മുൻകൂട്ടി അറിയിക്കാതെ ഇത്തരമൊരു തീരുമാനമെടുത്തതിനെ സിപിഎം. രാജ്യസഭാ നേതാവ് എളമരം കരീം വിമർശിച്ചു. ഏറെക്കാലമായുള്ള സൗകര്യം ഒരു കൂടിയാലോചനപോലും നടത്താതെ റദ്ദാക്കിയത് പാർലമെന്റിനെതന്നെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ജനപ്രതിനിധികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുകയാണെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. എംപി. വികസന ഫണ്ടും യാത്രാ അലവൻസുമൊക്കെ നേരത്തേ വെട്ടിക്കുറച്ചു. ഇപ്പോൾ എയർ ഇന്ത്യയുടെ ടിക്കറ്റ് സൗകര്യം നിർത്തലാക്കിയതും അതിന്റെ തുടർച്ചയാണെന്നും അദ്ദേഹം വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ