പ്രവാസികളെ ഇടക്കിടെ പെരുവഴിയിലാക്കിയും സർവ്വീസ് അലങ്കോലപ്പെടുത്തിയും കനത്ത നിരക്ക് ഈടാക്കിയുമൊക്കെ പിഴിയാറുണ്ടെങ്കിലും എയർഇന്ത്യ എക്സ്‌പ്രസ് ഇപ്പോൾ സർവ്വീസുകളുടെ എണ്ണം കൂട്ടി ജനങ്ങൾക്ക് പ്രയോജനകരമായ നടപടിയുമായി എത്തിയിരിക്കുകയാണ്. കമ്പനി വേനൽക്കാല ഷെഡ്യൂൾ പുറത്ത് വിട്ടതോടെ ഗൾഫ് സെക്ടറിലേക്കുള്ള സർവ്വീസുകളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തിയതായി കാണാം.

കുവൈത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ എന്നത് മാർച്ച് അവസാന വാരം മുതൽ അഞ്ചായി വർദ്ധിക്കും. ഗൾഫ് സെക്റ്ററിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.മാർച്ച് 28 മുതലുള്ള സമ്മർ ഷെഡ്യൂളിലാണ് അധിക സർവീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ആണ് കോഴിക്കോട് കുവൈത്ത് സെക്റ്ററിർ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം തിങ്കൾ, ബുധൻ ദിവസങ്ങളിലും കുവൈത്തിലേക്ക് കോഴിക്കോട് നിന്നും തിരിച്ചും യാത്ര ചെയ്യാനാകും.

ബഹറൈൻ, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. സൗദിയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കായി കോഴിക്കോട് നിന്നു ആഴ്ചയിൽ നാല് തവണ വീതം ഉള്ള നോൺ സ്റ്റോപ്പ് സർവീസുകളും വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് റാസൽ ഖൈമയിലെക്ക് ആഴ്ചയിൽ നാല് സർവ്വീസുകൾ വീതം പുതുതായി ആരംഭിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

വേനൽ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ കോഴിക്കോട് ഗൾഫ് സെക്റ്ററിൽ ഉള്ള എയർ ഇന്ത്യ എക്സ്‌പ്രസ് സർവ്വീസുകളുടെ എണ്ണം ആഴ്ചയിൽ 96 എന്നത് 119 ആയി വർദ്ധിക്കും. ആനു പാതികമായി സീറ്റുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. നാട്ടിലേക്കുള്ള യാത്രക്കാരുടെ ലഗേജ് പരിധി 30 കിലോ ആക്കി ഉയർത്തിയതായും അധികൃതർ അറിയിച്ചു.