കോഴിക്കോട്: അവധിക്കാലവും ഉത്സവസീസണും ഒരുമിച്ചെത്തുമ്പോൾ നിരക്ക് കുത്തനെ കൂട്ടുന്ന പതിവ് വിമാനക്കമ്പനികൾ ഇത്തവണയും തെറ്റിച്ചില്ല. ചാർജ് കൂട്ടിയ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്കെതിരെ പ്രവാസികളുടെ പതിവ് പ്രതിഷേധം തുടരുന്നുണ്ടെങ്കിലും ഇതിന് പരിഹാരമുണ്ടാകാത്തതിൽ പതിനായിരക്കണക്കിന് പ്രവാസികളും കുടുംബങ്ങളും കടുത്ത നിരാശയിലാണ്.

കാത്തിരുന്ന വിഷുക്കാലവും അവധിക്കാലവും നാട്ടിൽ ചിലവഴിക്കാൻ പുറപ്പെടുന്ന പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ നാലിരട്ടിയാണ് എയർ ഇന്ത്യ ഇത്തവണ ടിക്കറ്റ് വർധിപ്പിച്ചത്. എല്ലാ ഉത്സവ സീസണുകളിലും സമാനമായ നടപടി ഉണ്ടാകുമ്പോഴും സംസ്ഥാന സർക്കാറും പ്രവാസി സംഘടനകളും അടക്കം വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താറുണ്ടെങ്കിലും അനുകൂല നടപടികൾ ഉണ്ടാവാറില്ല.

മാർച്ച് അവസാനത്തോടെയാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയത്. നിരക്ക് വർധന മെയ് അവസാനം വരെ തുടരും. ടിക്കറ്റ് ചാർജിന് പുറമെ യാത്രക്കാർക്കുണ്ടായിരുന്ന മറ്റ് ഇളവുകളും വിമാന കമ്പനികൾ പിൻവലിച്ചിട്ടുണ്ട്. കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് 5000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

എന്നാൽ അവധിക്കാലമെത്തിയതോടെ 20,000 രൂപ മുതലാണ് വിമാനടിക്കറ്റ്. കൊച്ചിയിൽ നിന്നുള്ള നിരക്കിലും ഇതുപോലെ വർധനവുണ്ട്. ചെലവു കുറഞ്ഞ വിമാന സർവീസെന്ന് അവകാശപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ പോലും ദുബൈയിലേക്ക് 21,000 രൂപയാണ് നിരക്ക്. ഇത് പ്രവാസി മലയാളികൾക്കാണ് തിരിച്ചടിയാവുന്നത്.

ഷാർജ, അബൂദാബി എന്നിവിടങ്ങളിലേക്ക് 5,500 രൂപയുണ്ടായിരുന്നത് പതിനായിരത്തിന് മുകളിലാണിപ്പോൾ ഈടാക്കുന്നത്. സഊദിയിലേക്ക് പതിനായിരത്തിന് മുകളിലും ദോഹയിലേക്ക് 7000 രൂപയുമാണ് അധികമായി വർധിച്ചത്. ഖത്തറിലേക്കും ബഹ്റൈനിലേക്കും കുവൈത്തിലേക്കുമെല്ലാം വൻ വർധനവാണ് അടിച്ചേൽപ്പിക്കുന്നത്.

കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് ജിദ്ദയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരുന്ന സഊദി എയർലൈൻസും എയർ ഇന്ത്യയും റൺവേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷൻ ഫ്ളൈറ്റുകൾ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ നിരക്ക്‌വർധനവും.

ഉത്സവ സീസൺ അവസാനിക്കുന്നതോടെ നിരക്ക് സാധാരണ നിലയിലെത്തും. എന്നാൽ ഇത് ആർക്കും പ്രയോജനകരമാകില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. നിരക്ക് വർധന പൂർണ്ണമായും തെറ്റല്ല. മറിച്ച് നാലിരട്ടിയായി വർധിപ്പിക്കുന്നതുകൊള്ളയടിക്കലാണെന്ന് പ്രവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ രാജ്യത്തിനും സമ്പദ്ഘടനക്കും വലിയ തോതിൽ തണൽ വിരിക്കുന്ന പ്രവാസികളെ ഇവ്വിധം ചൂഷണോപാധിയാക്കുന്നതിനെതിരെ ആത്മാർത്ഥമായ ഒരു സമരവും ഉണ്ടാകാത്തതാണ് പ്രതിഷേധങ്ങൾ ഫലം കാണാത്തതിനു പിന്നിലെന്നും ഇവർ ആരോപിക്കുന്നു.

കാലാവസ്ഥയും പ്രതികൂല തൊഴിൽ സാഹചര്യങ്ങളുമെല്ലാം അതിജീവിച്ച് മരുഭൂമിയിൽ ജീവൻ പോലും പണയപ്പെടുത്തി അത്യധ്വാനം നടത്തി നാട്ടിലേക്കു തിരിക്കുന്ന പാവപ്പെട്ട പ്രവാസികളെ ഇവ്വിധം ചൂഷണം ചെയ്യുന്നതിനെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്ഷോഭം ഉയരണമെന്നും തോന്നിയ പോലെ നിരക്ക് കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

 

വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ