കൊറോണ വ്യാപനം മൂലം യാത്രകൾ പോലും നടത്താതെ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്ന യാത്രാപ്രേമികൾക്ക് വമ്പൻ ഓഫറുകളുമായി വിമാനകമ്പനികൾ രംഗത്തെത്തി.കുറഞ്ഞ നിരക്കിൽ അഭ്യന്തര സർവീസുകൾ വാഗ്ദാനം ചെയ്താണ് കനേഡിയൻ വിമാനകമ്പനികൾ രംഗത്തുള്ളത്.

രാജ്യത്തെ വിവിധ പ്രൊവിൻസുകളിൽ യാത്രാ നിയന്ത്രണങ്ങൾ നിലവിലും നിലനിൽക്കുന്നു ണ്ടെങ്കിലും വിവിധ അഭ്യന്തര വിമാന റൂട്ടുകളിൽ നിരവധി എയർലൈനുകളാണ് ടിക്കറ്റ് നിരക്കിൽ ആകർഷകമായ ഇളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.ഇത് പ്രകാരം എയർകാനഡയും വെസ്റ്റ്ജെറ്റും അഭ്യന്തര വിമാനങ്ങളുടെ അടിസ്ഥാന നിരക്കിൽ 20 ശതമാനം ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഡിസംബർ വരെ ഇളവുകൾ നൽകുമെന്നാണ് ഈ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനായി യാത്രക്കാർ തിങ്കളാഴ്ചക്ക് മുമ്പ് ബുക്ക് ചെയ്തിരിക്കണം. ഇത് പ്രകാരം ടൊറന്റോയിൽ നിന്നും വാൻകൂവറിലേക്കുള്ള വിമാനത്തിന് 117 ഡോളറും മോൺട്റിയലിൽ നിന്നും ഹാലിഫാക്സിലേക്ക് 86 ഡോളറും വിന്നിപെഗിൽ നിന്നും കാൽഗറിയിലേക്ക് 90 ഡോളറിൽ താഴെയുമാണ് ചാർജ് നൽകേണ്ടത്.എയർ ട്രാൻസാറ്റ് ഓഗസ്റ്റ് അവസാനത്തിലേക്ക് ചുരുങ്ങിയ നിരക്കിലുള്ള സർവീസുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത് പ്രകാരം കാൽഗറിയിൽ നിന്നും ടൊറന്റോയിലേക്കുള്ള വിമാനത്തിന് 107 ഡോളർ മാത്രമേ നൽകേണ്ടതുള്ളൂ. ഇതേ റൂട്ടിലുള്ള വിമാനത്തിന് എയർകാനഡയും വെസ്റ്റ് ജെറ്റും 105 ഡോളർ നിരക്കിലുള്ള ടിക്കറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ അൾട്രാ ലോ കോസ്റ്റ് കാരിയറായ ഫ്ലെയർ എയർലൈൻസ് തങ്ങളുടെ റൂട്ടുകൾ കാനഡയിലെ പുതിയ ചില നഗരങ്ങളിലേക്ക് കൂടി സർവീസുകൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൽ ഹാലിഫാക്സ്, സെയിന്റ് ജോൺ, ചാർലട്ടോൻ , ഒട്ടാവ എന്നീ നഗരങ്ങളിലിതിൽ ഉൾപ്പെടുന്നു.