ദോഹ: വേനലവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്ക് പോരാൻ തയ്യാറെടുത്തിരിക്കുന്ന മലയാളികൾക്ക് അവധിക്കാല യാത്ര ചിലവേറിയതാവുമെന്ന് ഉറപ്പായി. വേനലവധിക്കാലം മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 10 ശതമാനം വരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതാണ് ഈദ്,സ്‌കൂൾ അവധി എന്നിവയ്ക്ക് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്.

ഏഷ്യൻ സ്ഥലങ്ങളായ കൊളംബോ,മനില,കാഠ്മണ്ഡു,ധാക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യൻ നഗരങ്ങളായ കോഴിക്കോട്,ചെന്നൈ,മുംബൈ എന്നിവിടങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് വർദ്ധിക്കും. ജൂൺ മുതലാകും അധിക വിമാനക്കൂലി നൽകേണ്ടിവരിക. സാധാരണ നിരക്കിനേക്കാൾ 75 മുതൽ 100 ശതമാനം വരെ അധിക നിരക്കായിരിക്കും യാത്രക്കാരിൽ നിന്ന് ഈടാക്കുക.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം,ചെന്നൈ, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 8 മുതൽ 14 ശതമാനം വരെ വർദ്ധിക്കും. കേരളത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു. ടിക്കറ്റിന് വൻ ഡിമാന്റാണ് ഈ സീസണിൽ. കോഴിക്കോടേക്കുള്ള ടിക്കറ്റിന് 4000 ഖത്തറി റിയാലും മുംബൈയിലേക്കുള്ളതിന് 3900 ഖത്തറി റിയാലുമാണ് ചാർജ്. കഴിഞ്ഞ വർഷത്തേക്കാൾ 300500 ഖത്തറി റിയാൽ അധിക ചാർജാണ് ഇപ്പോൾ.