ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ കോവിഡ് 19 മാനദണ്ഡങ്ങളിൽ മാറ്റം..ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ട സമയം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറായി ചുരുങ്ങും. നിലവിൽ 96 മണിക്കൂറിനകം എടുത്ത പി.സി.ആർ പരിശോധനയുടെ ഫലവുമായി ഷാർജയിലേക്ക് യാത്രചെയ്യാമായിരുന്നു.

പി.സി.ആർ പരിശോധനയിൽ നെഗറ്റീവായവർക്ക് മാത്രമേ ഷാർജയിലേക്ക് യാത്ര അനുവദിക്കൂ. ഇതിനുപുറമെ, ഷാർജ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും യാത്രക്കാർ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി. പുതിയ നിബന്ധന അഞ്ചു ദിവസത്തിനകം നിലവിൽ വരും.