മസ്‌കത്ത്: രാജ്യത്ത് പുതിയ വിമാനത്താവളത്തിലെ പാർക്കിങ് നിരക്കുകൾ പോക്കറ്റ് കാലിയാക്കും. പഴയ വിമാനത്താവളത്തിലെ പാർക്കിങ് നിരക്കുകളുടെ ഇരട്ടിയിലധികം തുക പുതിയ ടെർമിനലിൽ മുടക്കേണ്ടി വരും. ഹ്രസ്വസമയ പാർക്കിങ് വിഭാഗത്തിൽ 500 ബൈസ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. അരമണിക്കൂറിനാണ് ഈ നിരക്ക്. പഴയ വിമാനത്താവളത്തിലും ഈ നിരക്ക് തന്നെയായിരുന്നു.

അര മണിക്കൂർ പിന്നിട്ടാൽ നേരത്തേ ഒരു റിയാൽ നൽകിയിരുന്ന സ്ഥാനത്ത് രണ്ടു റിയാൽ നൽകണം.ഒരു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ യഥാക്രമം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് റിയാൽ എന്നീ ക്രമത്തിലാണ് ഈടാക്കുക. ആറു മണിക്കൂർ മുതൽ ഒമ്പതു മണിക്കൂർ വരെ പത്തു റിയാലും 12 മണിക്കൂർ വരെ 15 റിയാലും 24 മണിക്കൂറിന് 24 റിയാലും നൽകണം. 24 മണിക്കൂറിന് ശേഷമുള്ള ഓരോ ദിവസവും 20 റിയാൽ എന്ന തോതിൽ ഈ വിഭാഗത്തിൽ പാർക്ക് ചെയ്യുന്ന വാഹനയുടമകൾ നൽകണം. പഴയ ടെർമിനലിൽ മണിക്കൂറിന് 500 ബൈസ എന്ന തോതിലായിരുന്നു ഈടാക്കിയിരുന്നത്.

ദീർഘസമയ പാർക്കിങ് വിഭാഗത്തിൽ ആദ്യദിവസം ഏഴു റിയാൽ, രണ്ടു ദിവസത്തിന് 13 റിയാൽ, മൂന്നു ദിവസത്തിന് 20 റിയാൽ എന്നിങ്ങനെയാണ് നൽകേണ്ടത്. പിന്നീടുള്ള ഓരോ ദിവസത്തിനും അഞ്ചു റിയാൽ വീതവും നൽകണം. പഴയ ടെർമിനലിൽ ഒരു ദിവസത്തിന് മൂന്നു റിയാൽ, രണ്ട്, മൂന്ന്, നാല് ദിവസത്തിന് യഥാക്രമം നാലുമുതൽ ആറു റിയാൽ വരെയുമായിരുന്നു നൽകേണ്ടത്. അഞ്ചാം ദിവസം മുതൽ ഏഴു റിയാലുമാണ് ഈടാക്കിയിരുന്നത്.

ആധുനിക സൗകര്യങ്ങളുള്ള പുതിയ ടെർമിനൽ പ്രവർത്തനമാരംഭിച്ചതോടെ ആയിരക്ക ണക്കിന് യാത്രക്കാർക്കാണ് ആശ്വാസകരമാകുന്നത്. പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനകരമാണ് പുതിയ ടെർമിനൽ. 4000 മീറ്റർ റൺവേക്ക് പുറമേ 29 കോൺടാക്റ്റ് സ്റ്റാന്റ്, 27 റിമോട്ട് സ്റ്റാന്റ് തുടങ്ങിയവും പുതിയ ടെർമിനലിലുണ്ട്. 8000 കാറുകൾക്കും പാർക്കിങ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.