- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് വീരവാദം; പിന്നെ കേട്ടാൽ അറയ്ക്കാത്ത തെറിയും; എസ് എഫ് ഐയ്ക്കെതിരെ പീഡന പരാതിയുമായി എ ഐ എസ് എഫ് വനിതാ നേതാവ്; സിപിഎംസിപിഐ നേതൃത്വത്തിന് തലവേദനയായി കോട്ടയത്തെ തല്ല്; എംജി സെനറ്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവോ?
കോട്ടയം: എംജി സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനു ശേഷം സർവകലാശാലാ ക്യാംപസിനുള്ളിൽ എസ്എഫ്‌ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിലെ സംഘർഷം നേൃത്വത്തിന് തിരിച്ചടിയാകും. 4 എഐഎസ്എഫ് നേതാക്കൾക്കു പരുക്കേറ്റു. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ നിമിഷ രാജു, അമൽ അശോകൻ, ഋഷിരാജ്, സംസ്ഥാന കൗൺസിൽ അംഗം എ. സഹദ് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരു പരാതിയാണ് എസ് എഫ് ഐയ്ക്ക് തലവേദനയാകുന്നത്. സിപിഎം-സിപിഐ നേതൃത്വത്തേയും ഈ അടി കുഴയ്ക്കും. എന്നാൽ തൽകാലം മുതിർന്ന നേതാക്കൾ ഇതിൽ ഇടപെടില്ല.
എസ്എഫ്‌ഐ നേതാക്കൾ തന്നെ പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും കടന്നുപിടിച്ചെന്നും എ ഐ എസ് എഫ് നേതാവ് പൊലീസിൽ പരാതി നൽകി. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രി ആർ.ബിന്ദുവിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗവുമായ എം.ജി.അരുൺ ഉൾപ്പെടെയുള്ളവർ ആക്രമിച്ചവരുടെ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. എസ് എഫ് ഐ നേതാക്കൾ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് എഐഎസ്ഫ് വനിതാ നേതാവിന്റെ പരാതി. യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾക്കിടെ ആണ് ഭീഷണി ഉണ്ടായത് എന്ന് ആരോപിക്കുന്നു.
സംഘർഷത്തിനിടെ എസ്എഫ്‌ഐ നേതാക്കൾ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉള്ള തെറിവിളി ആണ് നടത്തിയത്. ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്എഫ്‌ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതെന്ന് എഐഎസ്എഫ് നേതാവ് ആരോപിക്കുന്നു. തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് എസ്എഫ്‌ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി അവർ പറയുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും നേതാവ് വ്യക്തമാക്കി. ക്യാമ്പസുകൾ ജനാധിപത്യവൽക്കരിക്കണം എന്നാണ് എസ്എഫ്‌ഐ പറയുന്നത്. ആർഎസ്എസിനെതിരെ സമാനമായ കുറ്റങ്ങൾ ആരോപിക്കാറുണ്ട്. അതേ എസ്എഫ്‌ഐ തന്നെ തനിക്കെതിരെ ഇത്തരത്തിൽ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് അവർ വിശദീകരിച്ചു.
ഇന്നലെ സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയും എഐഎസ്എഫും വെവ്വേറെയാണ് മത്സരിച്ചത്. ആകെയുള്ള 30 സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്‌ഐയുടെ വിജയം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പുചട്ടങ്ങളിൽ സർവകലാശാല ഭേദഗതികൾ വരുത്തിയെന്നാരോപിച്ച് കെഎസ്‌യു തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. ഫലപ്രഖ്യാപനത്തിനു ശേഷം ക്യാംപസിലെ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫിസിനു സമീപമാണ് എസ്എഫ്‌ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റി.
തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലുള്ള വിരോധം മൂലമാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് എസ്.ഷാജോ പറഞ്ഞു. 'മുന്നണിയായി മത്സരിക്കാൻ ചർച്ച നടത്തിയെങ്കിലും എസ്എഫ്‌ഐ തയാറായില്ല. തനിയെ മത്സരിക്കാൻ എസ്എഫ്‌ഐ തീരുമാനിച്ചു. തുടർന്നാണ് എഐഎസ്എഫും മത്സരിക്കാൻ തീരുമാനിച്ചത്. വോട്ടെടുപ്പിനിടെ പലവട്ടം ഭീഷണിപ്പെടുത്തി. ഒടുവിൽ സഹദിനെ വളഞ്ഞിട്ട് ആക്രമിച്ചതായും ഷാജോ പറഞ്ഞു. എന്നാൽ ചെറിയ സംഘർഷം മാത്രമാണുണ്ടായതെന്നും എഐഎസ്എഫിന്റെ 4 കൗൺസിലർമാർ വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം.എസ്. ദീപക് പറഞ്ഞു
എംജി സർവകലാശാലയുടെ സെനറ്റിലേക്കും സ്റ്റുഡന്റ്‌സ് കൗൺസിലിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ബിരുദാനന്തര ബിരുദ വിഭാഗത്തിൽ നിന്ന് എസ്. മുഹമ്മദ് അബ്ബാസ്, ഗവേഷണ വിഭാഗത്തിൽ നിന്ന് നവീൻ കെ. ഫ്രാൻസിസ്, പ്രഫഷനൽ കോളജ് വിഭാഗത്തിൽ നിന്ന് അശ്വിൻ അനിൽ, വിദ്യാർത്ഥിനി പ്രതിനിധികളായി അജ്മില ഷാൻ, ആർ. ആദിത്യ, ടി.എസ്‌ഐശ്വര്യ, അലീഷ ചാന്ദ്നി, ഗായത്രി എം. രാജു, പട്ടികവിഭാഗം വിദ്യാർത്ഥി പ്രതിനിധിയായി എൻ.എസ്.സൂരജ്, പട്ടികവർഗ വിഭാഗ വിദ്യാർത്ഥി പ്രതിനിധിയായി കെ.ജെ.ജിതിൻ, ജനറൽ വിഭാഗം വിദ്യാർത്ഥി പ്രതിനിധികളായി ആദർശ് സുരേന്ദ്രൻ, പി.എം.അർഷൊ, ജയ്സൺ ജോസഫ് സാജൻ, പി.എസ്.യദുകൃഷ്ണൻ, ശ്രീജിത് രമേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫിസർ എൻ.കെ.അശോകൻ അറിയിച്ചു.
എംജി സർവകലാശാല സെനറ്റിൽ പ്രതിപക്ഷം ഉണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പിന്റെ തലേന്ന് അതീവരഹസ്യമായി ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ആരോപിച്ചു. സർവകലാശാല ആക്ട് പ്രകാരം വിദ്യാർത്ഥി മണ്ഡലത്തിലെ 15 ഒഴിവുകളിലേക്ക്, 'കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് രീതി' പ്രകാരം ഒരേ ബാലറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത്തവണ 7 മണ്ഡലങ്ങളായി തിരിച്ചാണ് ബാലറ്റ് ഇറക്കിയതെന്നും എസ്എഫ്‌ഐക്കു വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും അഭിജിത്ത്, ജനറൽ സെക്രട്ടറിമാരായ സുബിൻ മാത്യു, മാത്യു കെ.ജോൺ, ജില്ലാ പ്രസിഡന്റ് ജോർജ് പയസ് എന്നിവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ