- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഷ സുൽത്താനയുടെ വാക്കുകളിലെ രാജ്യദ്രോഹം ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്ന് യുവമാർച്ചാ നേതാവ് വിഷ്ണുവിന്റെ മൊഴി; കോവിഡിലെ ബയോവെപ്പണിൽ ഐഷാ സുൽത്താനയെ കുടുക്കാൻ വഴികൾ തേടി ലക്ഷദ്വീപ് പൊലീസ്; തിരുവനന്തപുരത്തെത്തി തെളിവെടുത്തു
തിരുവനന്തപുരം: രാജ്യദ്രോഹ കേസിൽ ഐഷാ സുൽത്താനയ്ക്ക് കുരുക്കു മുറുകുമോ? ശക്തമായ നടപടികൾ ഇക്കാര്യത്തിൽ എടുക്കാനാണ് ലക്ഷദ്വീപ് പൊലീസിന്റെ തീരുമാനം. കൊച്ചിയിൽ നിന്ന് അവർ തിരുവനന്തപുരത്ത് എത്തി വിവര ശേഖരണം തുടങ്ങി. ടിവി ചർച്ചയിൽ ഐഷാ സുൽത്താനയുടേത് രാജ്യദ്രോഹമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയ യുവമോർച്ചാ നേതാവിന്റേയും മൊഴി ലക്ഷദ്വീപ് പൊലീസ് എടുത്തു. ഇതിന് വേണ്ടിയാണ് അവർ പ്രധാനമായും തിരുവനന്തപുരത്ത് എത്തിയത്.
ഐഷാ സുൽത്താനയ്ക്കെതിരെ മൊഴി നൽകിയിരിക്കുകയാണ് വിവാദ ചർച്ചയിൽ ഒപ്പം പങ്കെടുത്ത യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ ബിജി വിഷ്ണു. ഐഷാ സുൽത്താന ചർച്ചയിൽ പറഞ്ഞത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെതിരെ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിക്കുന്നു എന്ന് തന്നെയാണെന്ന് വിഷ്ണു ലക്ഷദ്വീപ് പൊലീസിന് മൊഴി നൽകി. ലക്ഷദ്വീപ് കോവിഡ് വിമുക്തമായിരുന്നുവെന്നും പുതിയ ഗവർണർ വന്ന ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് അവിടെ കോവിഡ് പടർന്നതെന്നും ആ ചർച്ചയിൽ ഐഷാ സുൽത്താന പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെതിരായ ബയോ വെപ്പണായി കൊറോണ വൈറസിനെ ഉപയോഗിക്കുന്നു എന്ന് അവർ പറഞ്ഞപ്പോൾ തന്നെ അത് രാജ്യവിരുദ്ധ പരാമർശമാണെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി വിഷ്ണു പൊലീസിനോട് പറഞ്ഞു. എന്നാൽ അതിന് അവർ തയ്യാറായില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരിച്ചതായും പൊലീസിനോട് വിഷ്ണു പറഞ്ഞതായാണ് സൂചന.
ചർച്ച അവസാനിക്കാൻ 15 മിനിറ്റോളം ബാക്കിയുള്ളപ്പോഴാണ് ഐഷാ സുൽത്താന ഈ പരാമർശം നടത്തിയത്. രാജ്യവിരുദ്ധ പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്ന് താൻ പലവട്ടം ആവശ്യപ്പെട്ടപ്പോൾ പറഞ്ഞതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും പ്രതികരിച്ചു. മീഡിയാ വൺ ചാനലിനോ അവതാരകനോ അതിൽ യാതൊരു പങ്കാളിത്തവുമില്ലായെന്നും അവർ ആവർത്തിക്കുകയായിരുന്നു. വിവാദമായപ്പോഴാണ് താൻ ഗവർണറെയാണ് ബയോ വെപ്പണെന്ന് ഉദ്ദേശിച്ചതെന്ന് മാറ്റിപ്പറഞ്ഞതെന്നും വിഷ്ണു മൊഴി നൽകി.
ഐഷാ സുൽത്താന വിവാദ പരാമർശം നടത്തിയ ചർച്ചയിൽ ബിജെപി പ്രതിനിധിയായി പങ്കെടുത്തയാളാണ് വിഷ്ണു. വിഷ്ണുവിന്റെ മൊഴി ഐഷാ സുൽത്താനയെ കുടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് രാജ്യവിരുദ്ധ പരാമർശമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും അതിൽ ഉറച്ചുനിന്നത് ഐഷാ സുൽത്തായ്ക്ക് വിനയാകും. ചർച്ചയ്ക്ക് ശേഷം ഈ പരാമർശത്തിനെതിരെ വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് നൽകിയ പരാതിയിൽ ലക്ഷദ്വീപ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചാനലിൽ നിന്നും ചർച്ചയുടെ ഒറിജിനൽ ടേപ്പും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കവരത്തി സബ് ഇൻസ്പെക്ടർ അമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിന്റെ മൊഴിയെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തിയത്. ഇതേ സംഘമായിരുന്നു കഴിഞ്ഞദിവസം കൊച്ചിയിൽ ഐഷാ സുൽത്താനയെ ചോദ്യം ചെയ്തതും. രണ്ട് മണിക്കൂറാണ് കാക്കനാട്ടെ ഫ്ളാറ്റിൽവെച്ച് പൊലീസ് ഐഷയെ ചോദ്യം ചെയ്തത്. ഫ്ളാറ്റ് റെയ്ഡ് ചെയ്യുകയും ലാപ്പ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. മുൻകൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷ പറഞ്ഞു. നേരത്തെ കവരത്തി സ്റ്റേഷനിൽവെച്ച് ഐഷയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
നേരത്തെ ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുൽത്താനയുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. കേസിൽ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടർ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
തന്റെ വിമർശനങ്ങൾ ഒരു തരത്തിലുമുള്ള കലാപങ്ങൾക്ക് വഴിവെച്ചിട്ടില്ല. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നുമായിരുന്നു ഐഷയുടെ ഹർജിയിൽ പറഞ്ഞത്. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് ഐഷയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.