- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലക്ഷദ്വീപിൽ ബയോവെപ്പൺ' പരാമർശം; ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് കവരത്തി പൊലീസ്; നടപടി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്റെ പരാതിയിൽ
കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരേ നൽകിയ പരാതിയിലാണ് കേസ്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്. ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.
നേരത്തെ തന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് അവർ ആരോപിച്ചിരുന്നു. ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ വിശദീകരിച്ചിരുന്നു. അതിന് കാരണം ഒരു വർഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ സുൽത്താന ആരോപിച്ചിരുന്നു.
ആശുപത്രി സൗകര്യങ്ങൾ ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ താൻ ബയോവെപ്പൻ ആയി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ സുൽത്താന തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്