- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഷ സുൽത്താനയ്ക്കെതിരായ നീക്കത്തിൽ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി; ദ്വീപിലെ ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 പേർ രാജിക്കത്ത് നൽകി; രാജി, ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പൊലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ച്
കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. ദ്വീപ് ബിജെപി ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് മുള്ളിപ്പുര ഉൾപ്പെടെ 12 പേരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ഐഷാ സുൽത്താനയ്ക്കെതിരെ കേസ് കൊടുത്ത ബിജെപി അധ്യക്ഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് 12 പേരും സമർപ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തിൽ വ്യക്തമാക്കുന്നു.
ഐഷയുടെ ദ്വീപായ ചെത്ത്ലത്ത് ദ്വീപിലെ 12 പേരാണ് രാജിവച്ചത്. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൾ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോർഡ് അംഗം എന്നിവർ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്.
അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ നടപ്പിലാക്കിയ കാര്യങ്ങൾക്കെതിരെയാണ് ഐഷ സുൽത്താന പ്രതിഷേധിച്ചത്. അതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അമിത് ഷായെ ബിജെപി പ്രവർത്തകർ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികൾക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപിൽനിന്ന് രണ്ടുപേരും അഗത്തിലിൽനിന്ന് ഒരാളും രാജിവച്ചിട്ടുണ്ട്.
ചാനൽ ചർച്ചക്കിടെ ഐഷ സുൽത്താന നടത്തിയ ബയോവെപ്പൺ പരാമർശത്തിലാണ് രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് . ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് ലക്ഷദ്വീപ് ബിജെപി ഘടകം പരാതി നല്കിയതും കേസെടുത്തതും. ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു പരാമർശം. ഇത് രാജ്യദ്രോഹമാണെന്ന് കാണിച്ചാണ് പരാതി ലഭിച്ചത്.
സംഭവത്തിൽ വിശദീകരണവുമായി ഐഷ രംഗത്തുവന്നെങ്കിലും അതു പരിഗണിക്കാതെയാണ് കവരത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഐഷ സുൽത്താനയുടെ പരാമർശത്തിൽ യുവമോർച്ച, ഹിന്ദുഐക്യവേദി, ബിജെപി തുടങ്ങി വിവിധ സംഘടനകൾ പൊലീസിലും,എൻ ഐഎക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു.
അതേസമയം, രാജ്യത്തെയോ സർക്കാറിനെയോ അല്ല പ്രഫുൽ പട്ടേലിനെ ഉദ്ദേശിച്ചാണ് താൻ ആ പരാമർശം നടത്തിയതെന്ന് ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോർട്ട് ചെയാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരിൽ നിന്നുമാണ് വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുൽ പട്ടേലിനെ ബയോവെപ്പൻ ആയി താരതമ്യപ്പെടുത്തിയതെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറയുകയുണ്ടായി.
നേരത്തെ തന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് അവർ ആരോപിച്ചിരുന്നു. ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ വിശദീകരിച്ചിരുന്നു. അതിന് കാരണം ഒരു വർഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ സുൽത്താന ആരോപിച്ചിരുന്നു.
ആശുപത്രി സൗകര്യങ്ങൾ ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ താൻ ബയോവെപ്പൻ ആയി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ സുൽത്താന തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്